വിസ കാലാവധി കഴിയാറായി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി ബഹ്റിൻ

single-img
9 September 2020

വിസ കാലാവധി കഴിയാറായി ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസ വാര്‍ത്തയുമായി ബഹ്റിൻ. കോവിഡ് പ്രതിസന്ധിയിലായ യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ബഹ്റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു.ഇവരെ കൊണ്ടുപോകാൻ വിമാന സര്‍വീസ് നടത്തുന്നത് സംബന്ധിച്ച ഏതാനും കാര്യങ്ങളില്‍ കൂടി തീരുമാനമായാല്‍ കരാര്‍ പ്രാബല്യത്തില്‍ വരുംമെന്നാണ് റിപ്പോർട്ടുകൾ. 

ഗള്‍ഫ് എയര്‍ ട്രാവല്‍ ഏജന്റുമാരെ എയര്‍ ബബിള്‍ കരാര്‍ ഒപ്പിട്ടതായി അറിയിച്ചിട്ടുണ്ട്. യാത്രാ നിബന്ധനകള്‍ സംബന്ധിച്ചും അറിയിപ്പുകളും നല്‍കിയിട്ടുണ്ട്. എയര്‍ ബബിള്‍ അനുസരിച്ച് ബഹ്റൈന്‍, ജി.സി.സി പൗരന്മാര്‍ക്ക് പുറമെ റസിഡന്റ് വിസ, ഇ വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിവയുള്ളവര്‍ക്കും ബഹ്‌റൈനിലേക്ക് വരാമെന്നുള്ളതാണ് പ്രത്യേകത. 

ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ അര്‍ഹതയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ബഹ്റിനിലേക്കു വരാം. അതേസമയം എല്ലാ യാത്രക്കാരില്‍ നിന്നും പി സി ആര്‍ ടെസ്റ്റിന് 60 ദിനാര്‍ ഈടാക്കും. ബി അവെയര്‍ ആപ്പ് വഴിയോ വിമാനത്താവളത്തിലെ കിയോസ്‌കിലോ പണം അടക്കാമെന്നാണ് ലഭിച്ചിരിക്കുന്ന അറിയിപ്പ്.