പുതിയ ശ്രീലങ്ക: വധശിക്ഷ കാത്ത് ജയിലില്‍ കിടന്നയാൾ എംപി, പൊലീസ് അകമ്പടിയിൽ സത്യപ്രതിജ്ഞ

single-img
9 September 2020

ശ്രീലങ്കയിൽ വധക്കേസ് പ്രതി പാർലമെൻ്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന രാഷ്ട്രീയക്കാരന്‍ ശ്രീലങ്ക ഭരിക്കുന്ന ശ്രീലങ്കന്‍ പൊതുജന പേരാമുന പാര്‍ട്ടിയുടെ ടിക്കറ്റിലാണ് ജയിച്ചത്. നാൽപ്പത്തിയഞ്ചുകാരനായ പ്രേംലാല്‍ ജയശേഖരയാണ് പൊതു തെരഞ്ഞെടുപ്പില്‍ ജയിച്ച് എംപിയായി സത്യപ്രതിജ്ഞ നടത്തിയത്. 

 2015ലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രതിപക്ഷത്തെ ഒരു പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷിക്കപ്പെട്ടത്. ശ്രീലങ്കയിൽ ജയിലില്‍ നിന്നും പാര്‍ലമെന്റിലേക്ക് എത്തുന്ന ആദ്യ കുറ്റവാളിയായി ഇതോടെ  ജയശേഖര മാറി. ആഗസ്റ്റില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയശേഖര വന്‍ വിജയം നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ശ്രീലങ്കയിൽ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷമായിരുന്നു ജയശേഖരയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. അതുകൊണ്ടു തന്നെ ഇയാളെ തെരഞ്ഞെുടപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കോടതി തടഞ്ഞില്ല. അതേസമയം ആഗസ്റ്റ് 20 ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജയില്‍ അധികൃതര്‍ അനുവദിച്ചിുന്നില്ല. എന്നാല്‍ ഇതിനെതിരേ കോടതിയെ സമീപിച്ചപ്പോള്‍ വിധി ജയശേഖരയ്ക്ക് അനുകൂലമാകുകയായിരുന്നു. 

പാര്‍ലമെൻ്റഗം എന്ന നിലയിലുള്ള ചുമതലകള്‍ പൊലീസ് അകമ്പടിയില്‍ അദ്ദേഹം നിര്‍വ്വഹിക്കട്ടെ എന്നായിരുന്നു കോടതി വിധി പ്രഖ്യാപിച്ചത്. ഇത് വിാദമായി മാറുകയും ചെയ്തിരുന്നു. ജയശേഖരയുടെ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷത്തെ എംപിമാര്‍ എത്തിയത് കറുത്ത ഷാള്‍ അണിഞ്ഞായിരുന്നു. സത്യപ്രതിജ്ഞാ സമയത്ത് പലരും വാക്കൗട്ടും നടത്തിയിരുന്നു.

ശ്രീലങ്കയിൽ 2001 മുതല്‍ സ്ഥിരമായി പാര്‍ലമെൻ്റംഗമാണ് ജയശേഖരെ. 2015 ലാണ് ഇയാൾക്കെതിരെ കേസുണ്ടാകുന്നത്. പ്രതിപക്ഷ പാര്‍ട്ടികാരുടെ തെരഞ്ഞെടുപ്പ് വാഹനത്തിന് നേരെ നടന്ന ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. എതിര്‍ പാര്‍ട്ടിക്കാരുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയായിരുന്നു.

തൻ്റെ വധശിക്ഷയ്ക്ക് എതിരേ ജയശേഖര ഉയർന്ന കോടതിയിൽ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം വധശിക്ഷയെ എതിർക്കുന് രാജ്യമാണ് ശ്രീലങ്ക. 1976 ന് ശേഷം ശ്രീലങ്കയില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ ജയശേഖരയുടെ വധശിക്ഷ നടപ്പാകുന്ന കാര്യത്തിൽ അനശ്ചിതത്വം നിലനിൽക്കുകയാണ്. 

കിഴക്കന്‍ പ്രവിശ്യാ മുന്‍ മുഖ്യമന്ത്രി ശിവനേശാതുരൈ ചന്ദ്രകാന്തനും കൊലപാതകത്തില്‍ വിചാരണ നേരിടുന്നയാളാണ്. ആഗസ്റ്റില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇയാളും ജയിച്ചിരുന്നു. വിചാരണയ്ക്ക് ഒടുവിൽ ശിക്ഷിക്കപ്പെട്ടാല്‍ പൊലീസ് അകമ്പടിയിലായിരിക്കും ഇദ്ദേഹവും പാർലമെൻ്റിലെത്തുന്നത്.