കാസര്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

single-img
8 September 2020

കാസർകോട് ജില്ലയിലെ ചെങ്കള തൈവളപ്പിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. തൈവളപ്പ് പാണളത്ത് മിഥിലാജ്, ഭാര്യ സാജിദ, എട്ടാംക്ലാസ് വിദ്യാർത്ഥിയായിരുന്ന മകൻ സഹദ് എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് വളരെ നേരമായിട്ടും ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ തുറക്കാത്തതിനാല്‍ പരിസരവാസികള്‍ പകല്‍ പതിനൊന്നോടെ ജനാലവഴി നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പിന്നീട് പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകടക്കുകയായിരുന്നു.തുടര്‍ന്ന് നടന്ന പരിശോധനയില്‍ വിഷം കഴിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ഗ്ലാസ് മൃതദേഹങ്ങള്‍ക്ക് സമീപം കണ്ടെത്തി. ഇവര്‍ കഴിഞ്ഞ നാല് വര്‍ഷമായി തൈവളപ്പിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം.

പ്രദേശത്തെ ഇന്ദിര നഗറിൽ തയ്യൽക്കട നടത്തുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ മിഥിലാജും ഭാര്യ സാജിദയും. ഈ കുടുംബത്തിന് സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായും സൂചനയുണ്ട്. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹങ്ങള്‍ പോസ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.