‘സ്ത്രീകളെ ഡിവൈഎഫ്‌ഐക്കാർക്കേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ?’ യുവതിയെ പീഡിപ്പിച്ച കോൺഗ്രസുകാരനെ ന്യായീകരിച്ച് ചെന്നിത്തല

single-img
8 September 2020

കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ കോൺഗ്രസുകാരനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസുകാരനായ പ്രതിയെ തള്ളിപ്പറയുക പോലും ചെയ്യാതെ, വാർത്താ സമ്മേളനത്തിൽ ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് പരുഷമായാണ് ചെന്നിത്തല പ്രതികരിച്ചത്.

‘യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതി കോൺഗ്രസ് അനുകൂല സംഘടനയിലെ സജീവ പ്രവർത്തകനാണല്ലോ, ഈ കോൺഗ്രസ്സുകാരൊക്കെ ഇങ്ങനെ പീഡിപ്പിക്കാൻ നിന്നാൽ ഈ നാട്ടിലെ സ്ത്രീകൾക്കൊക്കെ ജീവിക്കാനാകുമോ?’ എന്നായിരുന്നു ചോദ്യം. ‘സ്ത്രീകളെ ഡിവൈഎഫ്‌ഐക്കാർക്കേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ?’എന്നായിരുന്നു ചെന്നിത്തലയുടെ സ്‌ത്രീവിരുദ്ധ കാഴ്ചപ്പാടോടെയുള്ള മറുപടി. യുഡിഎഫ് യോഗ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് രമേശ് ചെന്നിത്തല വിവാദ പ്രസ്താവന നടത്തിയത്.

പീഡനത്തെ നിസാരവത്‌കരിക്കുന്ന ചെന്നിത്തലയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തിരുവനന്തപുരത്ത് ക്വാറന്റീനിലായിരുന്ന സ്ത്രീയെ വീട്ടിൽ വരുത്തി കെട്ടിയിട്ടു പീഡിപ്പിച്ച പ്രദീപ് കുമാർ കോൺഗ്രസ്സ് സംഘടനയിൽ പ്രവർത്തിക്കുന്നു എന്ന് നിങ്ങൾ നുണ പറയുകയാണ് എന്ന് ചെന്നിത്തല പറഞ്ഞു.

കൊല്ലം കുളത്തൂപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌‌പെക്‌ടർ പ്രദീപ് കുമാർ ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. എൻജിഒ അസോസിയേഷൻ കാറ്റഗറി സംഘടനയായ ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷന്റെ സജീവ പ്രവർത്തകനാണ് പ്രദീപ് കുമാർ. അങ്കണവാടി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് ഇയാളുടെ പേരിൽ കേസുണ്ട്.