താന്‍ എല്ലാ ആരോഗ്യ വിഭാഗങ്ങളുടെയും മന്ത്രി; ഹോമിയോ മരുന്ന് വിവാദത്തില്‍ മന്ത്രി കെകെ ശൈലജ

single-img
8 September 2020

കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധത്തിന് ഹോമിയോ മരുന്ന് നല്ലതാണെന്ന പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ. താന്‍ അലോപ്പതിയുടെ മാത്രമല്ല എല്ലാ ആരോഗ്യ വിഭാഗങ്ങളുടെയും കൂടി മന്ത്രിയാണെന്ന് അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ വന്ന തന്‍റെ പ്രസ്താവനയെ കുറിച്ച് തെറ്റിദ്ധാരണജനകമായ ചര്‍ച്ചകളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.കേരളത്തില്‍ കോവിഡിനെതിരെ രോഗ പ്രതിരോധ ശേഷി ഉണ്ടാക്കുന്നതിന് ഹോമിയോ, ആയുര്‍വേദ വിഭാഗങ്ങള്‍ ശ്രമം നടത്തിയിട്ടുണ്ടെന്നാണ് താന്‍ പറഞ്ഞത് എന്നും മന്ത്രി വ്യക്തമാക്കി.

ഈ കാര്യത്തില്‍ അവര്‍ ചില പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അത് മാത്രമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. ആ പഠനം നടത്തി പറഞ്ഞത് പ്രതിരോധ മരുന്ന് വിതരണം ചെയ്ത സ്ഥലങ്ങളില്‍ കോവിഡ് വ്യാപനം കുറവുണ്ടെന്നാണ്. ഇത്തരത്തില്‍ പഠനം ആര്‍ക്കും നടത്താം. എന്നാല്‍ അത് ശരിയോ തെറ്റോ എന്ന് പറയാന്‍ താന്‍ ആളല്ലെന്നും മന്ത്രി പറയുകയും ചെയ്തു.

ഐസിഎംആര്‍ നിബന്ധനകളാല്‍ കോവിഡ് പോസിറ്റിവായവര്‍ക്ക് ആയുര്‍വേദ, ഹോമിയോ മരുന്ന് നല്‍കാനാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.എന്നാല്‍ ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്ന് മന്ത്രി പറഞ്ഞതിനെതിരെ സംസ്ഥാനത്ത് ഐഎംഎ ഉള്‍പ്പെടെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.