കഞ്ചാവ് ഉള്‍പ്പെടെയുള്ള അതിമാരക ലഹരി മരുന്നുകൾ ഉപയോഗിക്കാറുണ്ട്; പൊട്ടിക്കരഞ്ഞുകൊണ്ട് റിയയുടെ തുറന്നു പറച്ചിൽ

single-img
8 September 2020

ബോളിവുഡ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ലഹരി മരുന്ന് സംഘങ്ങളുമായി തനിക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ച് നടി റിയ ചക്രബർത്തി. വളരെ മാരകമായ ലഹരി മരുന്നുകൾ താൻ ഉപയോ​ഗിച്ചിരുന്നുവെന്നും നടി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) യുടെ ചോദ്യം ചെയ്യലില്‍ തുറന്നുപറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് നടി റിയ ചക്രബർത്തിയെ ഇന്ന് അറസ്റ്റ് ചെയ്തത്.

തനിക്ക് ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ നടി സമ്മതിച്ചിരുന്നതാണ് . പക്ഷെ അപ്പോഴും താൻ മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായി താരം വെളിപ്പെടുത്തിയിരുന്നില്ല. ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്തിന് വേണ്ടി സഹോദരൻ മുഖേന മയക്കു മരുന്ന് എത്തിച്ചു നൽകിയെന്നായിരുന്നു ആദ്യ ദിവസം ഇവര്‍ നല്‍കിയ മൊഴി.

പക്ഷെ റിയയെ സഹോദരനൊപ്പം ചോദ്യം ചെയ്തതോടെ പതുക്കെ എല്ലാം തുറന്നു പറയുകയായിരുന്നു.കഞ്ചാവ് ഉള്‍പ്പെടെയുള്ള അതിമാരകമായ ലഹരി മരുന്നുകൾ താൻ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു നടി നടത്തിയ വെളിപ്പെടുത്തൽ. മാത്രമല്ല, മുന്‍പ് സുശാന്ത് അഭിനയിച്ച ഒരു സിനിമയുടെ സെറ്റിൽ വെച്ചും പല പാർട്ടികളിലും താന്‍ മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായും നടി സമ്മതിച്ചു.

ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് റിയ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.മുന്‍പ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയക്കെതിരെ വ്യാപകമായി ആരോപണങ്ങളുയർന്നപ്പോൾ താൻ മയക്കു മരുന്ന് ഉപയോഗിക്കാറില്ലെന്നായിരുന്നു റിയ പറഞ്ഞിരുന്നത്.

ഈ പ്രസ്താവന തന്നെ പിന്നീട് പല ടിവി അഭിമുഖങ്ങളിലും ഇവര്‍ ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ വാട്സ്ആപ്പ് ചാറ്റുകളടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പുറത്തു വന്നതോടെയാണ് ഇതുവരെയുള്ള എല്ലാ കള്ളവും പൊളിയുന്നത്.