ഇവിടെ സ്കൂളിലേക്ക് കുട്ടികള്‍ വരുന്നത് എകെ 47 തോക്കുകളുമായി; രഹസ്യമായല്ല, ഇത് പാരമ്പര്യത്തിന്റെ ഭാഗം

single-img
8 September 2020

ശരിയാണ്, ഇവിടെ സ്കൂളിലേക്ക് കുട്ടികള്‍ വരുന്നത് എകെ 47 തോക്കുകളുമായി തന്നെയാണ് കേട്ടപ്പോൾ അത്ഭുതം തോന്നുന്നു അല്ലേ, അതിന് കാരണം നമ്മൾ ഇതുവരെ അറിഞ്ഞും കണ്ടും ശീലിച്ചത് കുട്ടികൾ സാധാരണ സ്കൂളിൽ പോകുമ്പോൾ ബുക്ക്,​ ബാഗ്,​ ഭക്ഷണം എന്നിവയൊക്കെ മാത്രം കണ്ടിട്ടുള്ളതിനാലാണ്.

അഫ്ഗാനിസ്ഥാനിൽ വസിക്കുന്ന പാഷായി എന്ന സമുദായത്തിലെ കുട്ടികൾക്ക് ബാഗിനും പുസ്തകങ്ങൾക്കും പുറമെ എകെ 47 യന്ത്രത്തോക്കുകളും അവശ്യവസ്തു തന്നെയാണ്. ഇത് കേട്ടപ്പോൾ ചലാരെങ്കിലും കരുതും ഈ കുട്ടികൾ ആരും കാണാതെ അധ്യാപകരെയും മറ്റും ഒളിച്ചാകും ഇവ കൊണ്ടുനടക്കുന്നതെന്ന്. എന്നാൽ അവിടെയും തെറ്റി. കാരണം, ഇവർ ഇത് കൊണ്ടുവരുന്നത് എല്ലാവരും കാൺകെ പരസ്യമായിട്ട് തന്നെയാണ്.

സ്‌കൂളിൽ എത്തി ക്ളാസിൽ കയറിയാൽ കുട്ടികൾ തോക്ക് അവരവരുടെ ഇരിപ്പിടത്തിനടുത്തുതന്നെ വെക്കും.വൈകുന്നേരം ക്ളാസുകൾ അവസാനിക്കുമ്പോൾ അവർ ആ യന്ത്രത്തോക്കുകൾ എടുത്ത് തോളത്ത് തൂക്കിക്കൊണ്ട് തിരികെ വീടുകളിലേക്ക് നടക്കും. മുപ്പത് റൗണ്ടുകൾ ലോഡ് ചെയ്തിട്ടുള്ള ഒരു എകെ 47 യന്ത്രത്തോക്കിന് ഏറ്റവും കുറഞ്ഞത് അഞ്ചു കിലോ ഭാരമാണ് എന്നുകൂടി അറിയുക.

ഇനി നമുക്ക് കൗതുകം മാറ്റിവെക്കാം. അഫ്ഗാനിസ്ഥാനിലുള്ള പാഷായി സമുദായക്കാരെ സംബന്ധിച്ചുനോക്കിയാൽ ഇതൊക്കെ എല്ലാ ദിവസങ്ങളിലും കാഴ്ചകളാണ്. കാരണം, അവരുടെ ജീവിതത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗം കൂടിയാണ്. പാഷായി സമുദായത്തിലെ ചില കുടുംബങ്ങൾക്കിടയിൽ മുന്‍കാലങ്ങളില്‍ ഉണ്ടായ കലഹങ്ങളാണ് സ്വന്തം സുരക്ഷയ്ക്കായി തോക്കെടുക്കാൻ ആളുകളെ പ്രേരിപ്പിച്ചത്. പ്രായഭേദമില്ലാതെ കുഞ്ഞുങ്ങൾ വരെ യന്ത്രത്തോക്കുകൾ ഉപയോഗിക്കാൻ പരിശീലനം ലഭിച്ചവരാണ്.

കിഴക്കൻ അഫ്ഗാനിസ്ഥാനില്‍ വസിക്കുന്ന ഇന്തോ – ആര്യൻ ഗോത്ര വംശത്തില്‍ പെടുന്നവരാണ് പാഷായികൾ.
ഇവിടെ ലാഗ്മാൻ, നംഗർഹർ, കപിസ, കുനാർ എന്നിങ്ങിനെയുള്ള പ്രവിശ്യകളിലായി ഏകദേശം അഞ്ചുലക്ഷത്തോളം പാഷായികൾ വസിക്കുന്നു. ഇവര്‍ വസിക്കുന്ന തരിശായനിലങ്ങൾ അഫ്ഗാനിസ്ഥാന്റെ പ്രധാന പട്ടണങ്ങളിൽ നിന്നൊക്കെ അകലെയാണ് സ്ഥിതിചെയ്യുന്നത്.