ട്രാൻസ്ജെൻഡറിനെ വിവാഹം ചെയ്യാൻ താത്പര്യം; മലയാളി വയോധികന് പൂർണ പിന്തുണയുമായി മക്കൾ

single-img
7 September 2020

തൃശ്ശൂർ സ്വദേശിയായ എഴുപതുകാരൻ നൽകിയ വിവാഹപരസ്യം സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുകയാണ്. മാതൃഭൂമിയുടെ ഞായറാഴ്ച പത്രത്തിലെ വിവാഹപ്പരസ്യങ്ങൾ നോക്കിയവരുടെ കണ്ണുടക്കിയത് ഈ വ്യത്യസ്തമായ പരസ്യത്തിലേയ്ക്ക് തന്നെയായിരുന്നു. അതുവരെ കണ്ടുപരിചിതമല്ലാത്ത പരസ്യമായിരുന്നു മാതൃഭൂമി പത്രത്തിൽ ഞായാറാഴ്ച്ച വന്നത്. വിവാഹം ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ച് മാതാപിതാക്കളിൽ നിന്ന് ആലോചന ക്ഷണിച്ചുള്ള പരസ്യം തന്നെ. എന്നാൽ അത് ട്രാൻസ്ജെൻഡർ വ്യക്തിയായിരിക്കണമെന്ന നിർബന്ധമാണ് ഇവിടെ വ്യത്യാസ്തമാകുന്നത്.

ജീവിതത്തിലേക്ക് ഒരു കൂട്ടുവേണമെന്ന തോന്നലിലാണ് തൃശ്ശൂർ എടമുട്ടം സ്വദേശി വീണ്ടുമൊരു വിവാഹത്തെ പറ്റി‌ ചിന്തിച്ച്‌ തുടങ്ങിയത്. എന്നാൽ അത് ഒരു ട്രാൻസ്ജെൻഡർ വ്യക്തിയാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. മക്കളെ അറിയിച്ച് അവരുടെ പൂർണപിന്തുണയോടെയാണ് വിവാഹപ്പരസ്യം അദ്ദേഹം നൽകിയത്. അദ്ദേഹത്തിന്റെ മക്കൾ രണ്ടുപേരും വിവാഹശേഷം ഗൾഫിലാണ്.

ഭാര്യ മരിച്ചതോടെ വീട്ടിൽ തനിച്ചാവുകയായിരുന്നു . ഈ സാഹചര്യത്തിൽ വീട്ടിൽ സൗണ്ട് അലർട്ട് സിസ്റ്റം സ്ഥാപിക്കാനായി പോലീസ് സ്റ്റേഷനിൽ അനുമതിതേടി. അവിടത്തെ വനിതാ എ.എസ്.ഐ.യാണ് വീണ്ടും വിവാഹംകഴിച്ചുകൂടേ എന്നു ചോദിച്ചത്. ആദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നീട് അങ്ങനെ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

പത്രത്തിൽ വന്ന വിവാഹപരസ്യം കണ്ട് നിരവധിപേർ ബന്ധപ്പെട്ടുവെന്നും. എന്നാൽ വന്ന അന്വേഷണങ്ങളൊക്കെയും 35-ൽത്താഴെ പ്രായമുള്ളവരായിരുന്നാണ് അദ്ദേഹം പറയുന്നത്. 50 വയസ്സെങ്കിലും വേണമെന്ന താത്പര്യത്തിലാണ് ഈ തൃശൂർ സ്വദേശി. തനിക്കൊപ്പം മറ്റൊരാൾക്കും ആശ്വാസമാകട്ടേയെന്ന ചിന്തയിലാണ് ട്രാൻസ്ജെൻഡറിനെ ക്ഷണിക്കുന്നത്. അത് മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു.

ട്രാൻസ്ജെൻഡറായ വ്യക്തിയെ ഒരു കുടുംബം സ്വാഗതം ചെയ്യുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പറയുന്നു. ഒറ്റപ്പെടുത്തലുകൾക്കിടയിൽ ഇത്തരം ചേർത്തുപിടിക്കലുകൾ സൗഭാഗ്യമായാണ് കാണുന്നതെന്നും ട്രാൻസ്ജെൻഡർ കോൺഗ്രസ് അഭിപ്രായപ്പെട്ടു.