പത്ത് സായുധ കമാന്‍ഡോകള്‍; കങ്കണയ്ക്ക് ഇനി കേന്ദ്രസര്‍ക്കാരിന്റെ വൈ പ്ലസ് സുരക്ഷ

single-img
7 September 2020

മഹാരാഷ്ട്രയില്‍ അധികാരത്തിലുള്ള ശിവസേനയുമായി തെറ്റിയ ബോളിവുഡ് നടി കങ്കണ റാവത്തിന് കേന്ദ്രസര്‍ക്കാര്‍ വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി. ഇതനുസരിച്ച് ഇനിമുതല്‍ പത്ത് സായുധ കമാന്‍ഡോകള്‍ അവര്‍ക്കൊപ്പം എപ്പോഴും ഉണ്ടാകും.

ശിവസേനയ്ക്ക് എതിരായി നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്ന് കങ്കണ അറിയിച്ചിരുന്നു.

അതേസമയം ഇന്ന് രാവിലെ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ കങ്കണയ്ക്ക് സുരക്ഷ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് ശേഷമാണ് കങ്കണയുടെ പ്രസ്താവനകള്‍ വിവാദമായത്. സുശാന്തിന്റെ മരണത്തില്‍ മുംബയ് പോലീസ് നടത്തുന്ന അന്വേഷണം ശരിയല്ലെന്ന് വിമര്‍ശിച്ച കങ്കണ, പോലീസിനെ സിനിമലോകത്തെ മാഫിയകളെക്കാള്‍ തനിക്ക് ഭയമാണെന്നും പറഞ്ഞിരുന്നു.

അങ്ങിനെയെങ്കില്‍ കങ്കണ തിരികെ മുംബയിലേക്ക് വരേണ്ടതില്ല എന്നും മുംബയ് പോലീസിനെ അപമാനിക്കുന്ന പരാമര്‍ശത്തിന് എതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇതിന് മറുപടി നല്‍കിയിരുന്നു. മുംബയ് എന്നത് പാക് അധീന കാശ്മീര്‍ പോലെയായെന്നായിരുന്നു ഇതിന് കങ്കണ നല്‍കിയ മറുപടി. ഈമാസം ഒമ്പതിന് കങ്കണ റണാവത്ത് മുംബയില്‍ എത്തുമെന്നാണ് വിവരം. തിനെ തുടര്‍ന്നാണ്‌ അവര്‍ക്ക് അധിക സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.