തൃണമൂല്‍ കോണ്‍ഗ്രസുകാരെ ചെരിപ്പുകൊണ്ട് അടിക്കുക, അവരെ നീക്കം ചെയ്യുക: ആക്രമണത്തിന് ആഹ്വാനം ചെയ്ത് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്

single-img
7 September 2020

പശ്ചിമ ബംഗാളിലുടനീളം ബിജെപി “സേവ് റിപ്പബ്ലിക്” കാമ്പയിൻ ആരംഭിച്ചതിന് തൊട്ടുപിന്നാലെ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ഞായറാഴ്ച തന്റെ രാഷ്ട്രീയ എതിരാളികളെ ചെരുപ്പുകൊണ്ട് അടിക്കുമെന്ന് ഭീഷണി മുഴക്കി. ഞായറാഴ്ച രാവിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങൾ അവരെ (തൃണമൂല്‍ കോണ്‍ഗ്രസുകാരെ) ചെരിപ്പുകൊണ്ട് അടിക്കുകയും റോഡിൽ വെട്ടുകയും ചെയ്യും. 2019 ൽ തൃണമൂല്‍ കോണ്‍ഗ്രസുകാരെ പകുതിയായി കുറയ്ക്കുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞില്ലേ”; ദിലീപ് ഘോഷ് പറഞ്ഞു,

തൃണമൂല്‍ കോണ്‍‌ഗ്രസ് ബിജെപിക്ക് നേരെ നടത്തുന്ന എല്ലാ അതിക്രമങ്ങളും ഞങ്ങളുടെ ഓര്‍മ്മയിലുണ്ട്. അധികാരത്തിലേറിയാല്‍ എല്ലാ കണക്കും പലിശ സഹിതം തീര്‍ക്കും. തൃണമൂൽ കോൺഗ്രസിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ പൊലീസ് സേനയിലെ ഒരു വിഭാഗം പ്രവർത്തിക്കുകയാണ്. ഒരു വർഷത്തിനുശേഷം നിങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് ഓർക്കുക. നിങ്ങളുടെ കുടുംബത്തിന്റെയും കുട്ടികളുടെയും മുഖം കാണാൻ നിങ്ങളെ അനുവദിക്കില്ലെന്ന് ദിലീപ് ഘോഷ് ഭീഷണി മുഴക്കി.

ബംഗാൾ പൊലീസ് ഇപ്പോൾ മുഖ്യമന്ത്രിയെയോ അവരുടെ മരുമകനെയോ വിമർശിച്ചിടുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ പോലും ആളുകളെ അറസ്റ്റ് ചെയ്യുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമുണ്ടാകുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ദിലീഷ് ഘോഷിന്‍റെ പ്രസ്താവനയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. വിദ്യാഭ്യാസമില്ലാത്തവനും സംസ്കാരമില്ലാത്തവനുമാണ് ഘോഷ് എന്നായിരുന്നു ടിഎംസി എംപി കല്യാൺ ബാനർജിയുടെ പ്രതികരണം. അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കിൽ ആദ്യം എന്നെ ചെരിപ്പുകൊണ്ട് അടിക്കട്ടെയെന്ന് കല്യാണ്‍ ബാനര്‍ജി വെല്ലുവിളിച്ചു.