നാല് കിസ്ത്യന്‍ സംഘടനകളുടെ വിദേശ സഹായം സ്വീകരിക്കാനുള്ള ലൈസന്‍സ് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍

single-img
7 September 2020

വിദേശത്ത് നിന്നും ഫണ്ട് ശേഖരിക്കാനുള്ള നാല് കിസ്ത്യന്‍ സംഘടനകളുടെ ലൈസന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി.ഇന്ത്യയുടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ട് പ്രകാരമാണ് നടപടി.
രാജ്യത്തെ ജാര്‍ഖണ്ഡ്, മണിപ്പൂര്‍, മുംബൈ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ സംഘടനകളുടെ ലൈസന്‍സുകളാണ് റദ്ദാക്കിയത് എങ്കിലും ഇതിന്റെ കാരണം ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

അമേരിക്ക അടിസ്ഥാനമായുള്ള സെവന്‍ത് ഡേ അഡൈ്വന്റിസ്റ്റ് ചര്‍ച്ച്, ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്നിവ ഇപ്പോള്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ഇവയ്ക്കെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രാലയം അറിയിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ മുംബൈയില്‍ വെച്ച് ഈ സംഘടനകള്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗത്തില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചുകൊണ്ട്‌ ബജ്രംഗദള്‍ പരാതി നല്‍കിയിരുന്നു.

ഇപ്പോള്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ട നാല് സംഘടനകളും അനേകവര്‍ഷങ്ങളായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍ ലൈസന്‍സ് റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഇതുവരെ സംഘടനകളൊന്നും പ്രതികരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സ് റദ്ദാക്കല്‍
രാജ്നന്ദഗാവ് കുഷ്ഠ രോഗ ആശുപത്രി, ഡോണ്‍ ബോസ്‌കോ ട്രെബല്‍ ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കാനാണ് സാധ്യത.

രാജ്യത്തെ ഇപ്പോഴത്തെ കണക്കനുസരിച്ച് 22457 എന്‍ജി.കളും സംഘടനകളുമാണ് എഫ്സിആര്‍എക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ ഇതുവരെ 20674 എന്‍ജിഒകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്.