സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും എൻഡിഎ മല്‍സരിക്കും; ഉഭയകക്ഷി ചർച്ച ആരംഭിച്ചു

single-img
7 September 2020

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഘടകകക്ഷികളുമായി എൻഡിഎ ഉഭയകക്ഷി ചർച്ച ആരംഭിച്ചു. ബിഡിജെഎസുമായിട്ടായിരുന്നു ആദ്യ ചര്‍ച്ച. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവർ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും മല്‍സരിക്കാനാണ് എൻഡിഎയുടെ തീരുമാനം.

മുന്‍പ് വാഗ്ദാനം ചെയ്ത ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ വൈകുന്നതിലുള്ള പരിഭവം ബിഡിജെഎസ് വീണ്ടും ബിജപി നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്നും തര്‍ക്കങ്ങള്‍ തൽക്കാലം മറന്നു ഒന്നിച്ചു നിൽക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയാല്‍ അത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും അതിനായി ഒറ്റ ക്കെട്ടായി പ്രവർത്തിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. എൻഡിഎക്ക് വേണ്ടി വിജയ സാധ്യത മാത്രം നോക്കി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും തീരുമാനമായി.

പാര്‍ട്ടിയും ജില്ലയും തിരിച്ചാണ് ഉഭയകക്ഷി ചര്‍ച്ചകള്‍. സഹകരിക്കാന്‍ കഴിയുന്നവരെയെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍ഡിഎയുടെ ഭാഗമാക്കാനും യോഗം തീരുമാനിച്ചു.