ഈച്ചയെ ഇലക്ട്രിക്ക് ബാറ്റുകൊണ്ട് കൊല്ലാന്‍ ശ്രമം; പിന്നെ സംഭവിച്ചത് വീട്ടില്‍ സ്ഫോടനവും തീപിടുത്തവും

single-img
7 September 2020

ഇലക്ട്രിക്ക് ബാറ്റുകൊണ്ട് ഒരു ഈച്ചയെ കൊല്ലാന്‍ നടത്തിയ ശ്രമത്തില്‍ ഉണ്ടായത് വീട് തീപിടിച്ച് വലിയ അപകടം. ഫ്രാന്‍സിലുള്ള ഡോര്‍ഡോണിയിലാണ് കൌതുകമുണര്‍ത്തുന്നതും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

വീട്ടുടമയായ 80 വയസുകാരന്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ ശല്യമായ ഈച്ചയെ ഓടിക്കാനുള്ള ശ്രമമാണ് ഒടുവില്‍ ഈ അത്യാഹിതത്തില്‍ കലാശിച്ചത്.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങിനെയാണ്‌- ” കഴിഞ്ഞവെള്ളിയാഴ്ച വൈകീട്ട് 7.45 ന് ഡോര്‍ഡോണിയിലെ പാരക്കോള്‍ എന്ന പ്രദേശത്തെ ഈ വീട്ടില്‍ താമസിക്കുകയായിരുന്ന 80 വയസുകാരന്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഈ ഈച്ച ശല്യം ചെയ്തു. ഇതോടുകൂടി ഇയാള്‍ വീട്ടില്‍ പ്രാണികളെ ഓടിക്കുന്ന ഇലക്ട്രിക്ക് റാക്കറ്റ് ഉപയോഗിച്ച് ഇതിനെ കൊല്ലാന്‍ തീരുമാനിച്ചു.

പക്ഷെ ഈ സമയം ഈ വീട്ടിലെ ഗ്യാസ് സിലണ്ടര്‍ ലീക്ക് ആയിട്ടുണ്ടായിരുന്നു. ഈ ഗ്യാസിന്റെ അടുത്ത് സ്ഥാനം ഉറപ്പിച്ച ഈച്ചയെ ഇലക്ട്രിക്ക് ബാറ്റുകൊണ്ട് ഇയാള്‍ തല്ലുന്നതിനിടെ ഉണ്ടായ ചെറിയ ഷോക്കില്‍ സ്ഫോടനവും തീപിടുത്തവും ഉണ്ടാകുകയായിരുന്നു. അപകടത്തില്‍ 80 കാരന് കൈയ്യില്‍ സാരമായ പൊള്ളല്‍ ഏല്‍ക്കുകയും വീടിന്‍റെ വലിയൊരു ഭാഗം കത്തിപ്പോകുകയും ചെയ്തിട്ടുണ്ട്”

അയല്‍വാസികളാണ് ആദ്യം വീട്ടില്‍ ഉണ്ടായ ഈ സ്ഫോടനവും തീപിടുത്തവും ശ്രദ്ധിച്ചത്. ഉടന്‍തന്നെ അവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസും അഗ്നിശമന വിഭാഗവും ചേര്‍ന്നാണ് പിന്നീട് വീടിന്‍റെ തീ അണയ്ക്കുന്നത്. വീടിന്‍റെ മേല്‍ക്കൂരയുടെ ഒരു ഭാഗം പൂര്‍ണ്ണമായും തീപിടുത്തത്തില്‍ വീണിട്ടുണ്ട്.
അപകടത്തില്‍ പരിക്കേറ്റയാള്‍ നല്‍കിയ മൊഴി പ്രകാരമാണ് പോലീസ് മാധ്യമങ്ങളോട് കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഈ വ്യക്തി ലിബോണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.