ഇതും ഒരു ആംബുലൻസ് ഡ്രെെവറാണ്: വാഹനാപകടത്തിൽ പരിക്കേറ്റ് വഴിയരുകിൽ കിടന്ന വ്യക്തിയെ ആശുപത്രിയിലും, റോഡിൽ വീണ രണ്ടുലക്ഷം രൂപ അപകടത്തിൽപ്പെട്ടയാളുടെ ബന്ധുക്കൾക്കും എത്തിച്ച് ഷാജി

single-img
7 September 2020

ആറന്മുളയിൽ കോവിഡ് രോഗം ബാധിച്ച യുവതിയെ ആംബുലൻസ് ഡ്രെെവർ പീഡിപ്പിച്ച സംഭവം വലിയ ഒച്ചപ്പാടാണ് ഉണ്ടാക്കിയത്. ഈ സംഭവത്തിൻ്റെ മറവിൽ ചെറുതയല്ലാത്ത ഒരു വിഭാഗം ആംബുലൻസ് ഡ്രെെവർമാർക്ക് എതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ തൃശ്ശൂർ അറയ്ക്കൽ സ്വദേശി ഷാജി എന്ന ആംബുലൻസ് കഴിഞ്ഞ ദിവസത്തെ സംഭവം ഒറ്റപ്പെട്ടതാണെന്നു തെളിയിച്ചിരിക്കുകയാണ്. മനുഷ്യത്വവും കർത്തവ്യോധവും പേറി മറ്റുള്ളവർക്കായി ജീവിക്കുന്നവരാണ് ആംബുലൻസ് ഡ്രെെവർമാരെന്ന് തൻ്റെ പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ഷാജി. 

വഴിയിൽ കണ്ട അപകടത്തിൽപ്പെട്ടയാളെ എത്രയുംവേഗം ആശുപത്രിയിലെത്തിക്കാൻ സന്മനസ് കാണിക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ പക്കലുണ്ടായ പണവും ഭദ്രമായി ബന്ധുക്കളെ ഏൽപ്പിക്കുകയായിരുന്നു. ഉത്രാടദിവസം രാത്രി അപകടരത്തിൽപ്പെട്ട കൊടുങ്ങല്ലൂരിലെ സ്വകാര്യ കമ്പനിയിലെ സെയിൽസ്മാനായ കണിമംഗലം സ്വദേശി കൈതാരത്തിൽ വീട്ടിൽ ജോർജ് സെബാസ്റ്റ്യനാണ് ഷാജി രക്ഷകനായത്. 

രാത്രി ഏഴരയോടെയാണ് തൃശ്ശൂർ മാപ്രാണത്ത് അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നിരുന്ന ജോർജ് സെബാസ്റ്റ്യനെ ഷാജി കാണുന്നത്. ജോലി കഴിഞ്ഞ് അന്നത്തെ കളക്ഷൻ തുകയായ രണ്ടര ലക്ഷത്തോളം രൂപയുമായി ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു ജോർജ് സെബാസ്റ്റ്യന് അപകടം സംഭിച്ചത്. എതിരേ വന്ന വാഹനത്തിന്റെ ലൈറ്റ് കണ്ണിലടിച്ചതോടെ നിയന്ത്രണം നഷ്ടമാകുകയും ബൈക്ക് ഉന്തുവണ്ടിയിലിടിക്കുകയുമായിരുന്നു. 

അപകടത്തിൽ തലയ്ക്ക് പരിക്കേറ്റതോടെ ബോധം നഷ്ടപ്പെട്ട് റോഡിൽ കിടന്നിരുന്ന ജോർജിനെ മറ്റൊരു ഓട്ടം കഴിഞ്ഞ് മടങ്ങിവരുന്ന ഷാജി നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസിൽ ലാൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്കുശേഷം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ഒഴിവില്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നു. എന്നാൽ ജോർജിൻ്റെ ഫോൺ ലോക്കായതിനാൽ വീട്ടുകാരെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. 

ഇതിനെ തുടർന്ന് ഷാജി ഇരിങ്ങാലക്കുട പോലീസിൽ വിവരം അറിയിച്ചു. ഇതിനിടെ ജോർജിൻ്റെ കുട്ടികൾ പഠിക്കുന്ന സ്കൂളിലെ അധ്യാപകൻ്റെ നമ്പർ പഴ്സിൽനിന്ന് കിട്ടിയതോടെ ഷാജി അതിലേക്കു വിളിക്കുകയും അവരോട് കാര്യം പറഞ്ഞ് ജോർജ് സെബാസ്റ്റ്യൻ്റെ വീട്ടിൽ അറിയിക്കുകയുമായിരുന്നു. 

ബന്ധുക്കൾ എത്തിയശേഷം രക്ഷാപ്രവർത്തനത്തിനിടയിൽ ലഭിച്ച ജോർജ് സെബാസ്റ്റ്യൻ്റെ പണവും അവർക്ക് കൈമാറിയാണ്ഷാജി തിരിച്ചുപോന്നത്. കഴിഞ്ഞ 30 വർഷത്തോളമായി മാപ്രാണം ലാൽ ആശുപത്രിയിലെ ആബുലൻസ് ഡ്രൈവറായി ജോലിചെയ്യുന്ന ഷാജിയുടെ സത്‌പ്രവൃത്തി ആംബുലൻസ് ഡ്രൈവേഴ്സ് കൂട്ടായ്മയാണ് സാമൂഹികമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചിരിക്കുന്നത്.  അപകടത്തിൽപ്പെട്ട് വഴിയരികിൽ കിടക്കുന്നവരെ ആശുപത്രിയിലെത്തിക്കാൻ ഇപ്പോഴും ആളുകൾ മടിക്കുന്നുണ്ട്. ഇതിനെതിരെ ഒരു ബോധവത്‌കരണമാകട്ടെ എന്നു കരുതിയാണ് കൂട്ടായ്മ സംഭവം പുറത്തറിയിച്ചതും.