ചവിട്ടേൽക്കുന്നവൻ്റെ ആഘോഷമാണ് ഓണമെന്നു പറഞ്ഞ അധ്യാപികയെ ഹിന്ദു ഐക്യവേദി സ്റ്റേഷനിൽ വിളിച്ചുവരുത്തി മാപ്പ് പറയിച്ചു: മാപ്പ് വീഡിയോ ആഘോഷിച്ച് കെപി ശശികല

single-img
6 September 2020

വിദ്യാര്‍ത്ഥികള്‍ക്കയച്ച ഓണാശംസയില്‍ ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയില്‍ പ്രധാനധ്യാപികയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാപ്പ് പറയിച്ചതായി പരാതി.  നെടുങ്കുന്നം സെന്റ്.തെരേസാസ് സ്‌കൂള്‍ പ്രധാനധ്യാപികയായ സി.റീത്താമ്മയെയാണ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാപ്പ് പറയിച്ചത്. അധ്യാപിക മാപ്പ് പറയുന്നതിന്റെ വീഡിയോ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയുയർന്നിട്ടുണ്ട്. ധൂൾ ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ഇക്കഴിഞ്ഞ ഓണത്തിനോടനുബന്ധിച്ച് സി.റീത്താമ്മ വാട്‌സ്ആപ്പിലൂടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. ചവിട്ടിതാഴ്ത്തപ്പെടുന്നവന്റെ ആഘോഷമാണ് ഓണം എന്നായിരുന്നു ഈ വീഡിയോ സന്ദേശത്തില്‍ പ്രധാനമായും പറഞ്ഞത്. ചതിയുടെയും വഞ്ചനയുടെയും വര്‍ഗീയതയുടെയും പാതാള ഗര്‍ത്തങ്ങളിലേക്ക് എത്ര വാമനന്മാര്‍ ചവിട്ടിതാഴ്ത്താന്‍ ശ്രമിച്ചാലും നമുക്ക് നന്മയുടെയും സമത്വത്തിന്റെയും ശാന്തിയുടെയും ലോകത്ത് തന്നെ തുടരാം എന്നും ഓണാശംസയില്‍ പറയുന്നുണ്ട്.

‘ഓണം ചവിട്ടേല്‍ക്കുന്നവൻ്റെ സുവിശേഷമാണ്. കൊടുത്തവനെ വാങ്ങുന്നവന്‍ ചവിട്ടുന്ന കഥയാണ്.’ – എന്നുതുടങ്ങുന്ന വീഡിയോയില്‍ ലോകചരിത്രത്തില്‍ ആരെങ്കിലും കൊടുത്തിട്ടോ അവര്‍ക്കെല്ലാം ചവിട്ടേറ്റിട്ടുണ്ടെന്നും മഹാബലിയെപ്പോലെ മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ഇവരെല്ലാം ജീവിച്ചതെന്നും പറയുന്നു. ഇതിന് ഉദാഹരണമായി മഹാബലിയെപ്പോലെ ക്രിസ്തു, മഹാത്മ ഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല, മാക്‌സ്മില്യന്‍ കോള്‍ബേ, മദര്‍ തെരേസ, ഇറോം ശര്‍മിള തുടങ്ങിയവരുടെ പേരുകളും സി.റീത്താമ്മ വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു. 

മതവെറിപൂണ്ട് ഓണാംശംസയിൽ പോലും വിഷം കലർത്തി ലോകത്തിലെ മുഴുവൻ മലയാളികളും ഒന്നായി ആഘോഷിക്കുന്ന ഓണത്തേ പോലും വികലമാക്കിയ , Nedumkunnam St theresas High School HM നെ പുറത്താക്കുക , പൊതു സമൂഹത്തോട് മാപ്പ് പറയുക

Posted by ഹിന്ദുഐക്യവേദി വൈക്കം on Monday, August 31, 2020

ഈ സന്ദേശം വെളിയിൽ വന്നതോടെ സിസ്റ്റര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടുക്കൊണ്ട് ഈ വീഡിയോ ഹിന്ദു ഐക്യവേദിയുടെ സാമൂഹ്യമാധ്യമ പേജുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ നടത്തിയ പ്രസംഗം എന്നാരോപിച്ച് ചങ്ങനാശ്ശേരി ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി അഭിജിത്ത് വി.കെ കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഹിന്ദുദൈവങ്ങളെ മനപ്പൂര്‍വ്വം അപമാനിച്ച പ്രധാനധ്യാപിക സി.റീത്താമ്മക്കെതിരെ കേസ് ചാര്‍ജ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യമുന്നയിച്ചത്.

‘ മതവെറിപൂണ്ട് ഓണാംശംസയില്‍ പോലും വിഷം കലര്‍ത്തി ലോകത്തിലെ മുഴുവന്‍ മലയാളികളും ഒന്നായി ആഘോഷിക്കുന്ന ഓണത്തേ പോലും വികലമാക്കിയ , നെടുങ്കുന്നും സെന്റ്.തെരേസാസ് സ്‌കൂള്‍ പ്രധാനാധ്യാപികയെപുറത്താക്കുക , പൊതു സമൂഹത്തോട് മാപ്പ് പറയുക.’ എന്നു പറഞ്ഞാണ് ഹിന്ദു ഐക്യവേദി ഈ വീഡിയോ പ്രചരിപ്പിച്ചത്. 

സംഭവം പൊലീസ് സ്റ്റേഷനിലെത്തിയതോടെ പൊലീസ് റീത്താമ്മയെ വിളിപ്പിച്ചു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ സി.റീത്താമ്മ മാപ്പെഴുതി നല്‍കി. എന്നാല്‍ ഇത് വായിച്ചുകേള്‍പ്പിക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മാപ്പ് വായിക്കുന്ന വീഡിയോ എടുത്ത് ഐക്യവേദി പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

https://www.facebook.com/watch/?v=638460360137297&extid=kkwBcXpC8Ls99ZiV

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ പി.കെ ശശികലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പൊലീസ് സ്റ്റേഷനിലിരുന്നുകൊണ്ട് അധ്യാപിക മാപ്പ് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ വീഡിയോയില്‍ വാമനമൂര്‍ത്തിയെക്കുറിച്ച് പറഞ്ഞത് തൻ്റെ അറിവില്ലായ്മയാണെന്നും അതുമൂലം ഹിന്ദുക്കള്‍ക്ക് മനോവേദനയുണ്ടായതില്‍ മാപ്പ് ചോദിക്കുന്നെന്നും സി.റീത്താമ്മ പറയുന്നുണ്ട്.

‘ഞാന്‍ ഓണാഘോഷത്തിന്റെ ഭാഗമായി എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച വീഡിയോ വാമനമൂര്‍ത്തിയെ സംബന്ധിച്ച് പരമര്‍ശിച്ചത് എന്റെ അറിവില്ലായ്മകൊണ്ട് മാത്രമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. ഇതിന്റെ ഫലമായി ഹിന്ദുസമൂഹത്തിന് ഉണ്ടായ മനോവേദന മനസ്സിലാക്കിക്കൊണ്ട് ഞാന്‍ മാപ്പ് ചോദിക്കുന്നു.’- റീത്താമ്മ മാപ്പപേക്ഷയിൽ പറയുന്നു. 

ഈ സംഭവം വെളിയിൽ വന്നതോടെ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മാപ്പെഴുതി കൊടുക്കാനും അതിനുശേഷം അത് വീഡിയോയില്‍ വായിക്കാനും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അധ്യാപികയോട് ആവശ്യപ്പെട്ടപ്പോള്‍ അതിന് കൂട്ടുനില്‍ക്കുകയാണോ കേരള പൊലീസ് ചെയ്യേണ്ടിയിരുന്നത് എന്നാണ് ഫേസ്ബുക്കിലൂടെ ചോദ്യങ്ങൾ ഉയരുന്നത്.