ഇന്ത്യയില്‍ ഇപ്പോള്‍ കൊവിഡ് രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനം: എയിംസ് ഡയറക്ടര്‍

single-img
6 September 2020

ഇന്ത്യയിലെ രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ കടന്നുപോകുന്നത് കൊവിഡ് രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനത്തിലൂടെ എന്ന് മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. 2021ലും രാജ്യത്ത് കൊവിഡ് രോഗവ്യാപനം തുടർന്നേക്കുമെന്നും ഇപ്പോള്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വർദ്ധിച്ചുവരുന്ന പ്രവണത വിരൽചൂണ്ടുന്നത് അതിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്നതിന്‍റെ കാരണങ്ങൾ പലതാണെന്നും കൊവിഡ് ടെസ്റ്റുകൾ വർദ്ധിക്കുന്നത് അതിലൊന്നാണെന്നും ഗുലേറിയ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ശരാശരി ഒരു ദിവസം പത്ത് ലക്ഷം ടെസ്റ്റുകളാണ് രാജ്യത്ത് നടക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ കോവിഡ് രോഗികളെ കണ്ടെത്താന്‍ സാധിക്കുന്നു.

എന്നാല്‍ കൊവിഡിനെതിരെ ജാഗ്രത പുലര്‍ത്തുന്നതില്‍ ജനങ്ങള്‍ക്ക് വന്ന അലംഭാവമാണ് രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുന്ന ഘടകങ്ങളിൽപ്രധാനം. ആദ്യ ഘട്ടത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവന്ന പലരും ഇപ്പോള്‍ മടുത്ത് തുടങ്ങിയിരിക്കുന്നു. തലസ്ഥാനമായ ഡല്‍ഹിയില്‍ ജനങ്ങള്‍ മാസ്‌ക് പോലും ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ കണ്ട് തുടങ്ങിയിരിക്കുന്നതായും അദ്ദേഹം പറയുന്നു.

ഇതെല്ലാംമൂലം രോഗവ്യാപനം കുറഞ്ഞ് തുടങ്ങുന്നതിനു മുമ്പ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചേക്കാം. രോഗം ചെറുക്കാനുള്ള വാക്‌സിന്‍ യാഥാര്‍ഥ്യമാകാന്‍ ഏതാനും മാസങ്ങള്‍കൂടി കാത്തിരിക്കേണ്ടി വരും. വാക്‌സിന്‍ കണ്ടുപിടിക്കുകയും അത് വന്‍തോതില്‍ നിര്‍മ്മിക്കുകയും ലോകം മുഴുവനും എത്തിക്കുകയും ചെയ്താല്‍ മാത്രമെ എല്ലാവര്‍ക്കും അത് ഫലം ചെയ്യൂ.

നിലവില്‍ ജനങ്ങള്‍ സാമൂഹ്യ അകലം ഉറപ്പാക്കുക, മാസ്‌ക ധരിക്കുക, കൈ കഴുകുക എന്നീ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ കോവിഡ് ബാധിക്കുന്നത് ഒരു പരിധിവരെ തടയാന്‍ കഴിയുമെന്നും ഡോ. രണ്‍ദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി.