താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു

single-img
6 September 2020

താമരശ്ശേരി രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് കോഴിക്കോട് നിര്‍മലാ ആശുപത്രിയില്‍ വൈകുന്നേരം 6.30 ഓടെയായിരുന്നു അന്ത്യം. ഇദ്ദേഹം വളരെ നാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

1997 ഫെബ്രുവരി 13നായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളി താമരശേരി രൂപതയുടെ ബിഷപ്പായി നിയമിതനാകുന്നത്. മാര്‍ ജേക്കബ് തൂങ്കുഴി തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥലം മാറിയ ഒഴിവിലേക്കായിരുന്നു നിയമനം. പിന്നീട് 2010 ഏപ്രില്‍ 8നാണ് രൂപതാ ഭരണത്തില്‍ നിന്ന് വിരമിക്കുന്നത്.
തൃശൂര്‍ ജില്ലയിലെ അതിരൂപതയിലെ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി ഏഴിനായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.

1951 ല്‍ മറ്റം സെന്റ് ഫ്രാന്‍സീസ് ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായി. തുടര്‍ന്ന് തേവര എസ്എച്ച് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായ ശേഷം 1953 ല്‍ സെമിനാരിയില്‍ ചേരുകയായിരുന്നു. തുടര്‍ന്ന് 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.അവിടെ നിന്നും 1961 ഒക്‌ടോബര്‍ 18ന് മാര്‍ മാത്യു കാവുകാട്ടു പിതാവില്‍ നിന്നും റോമില്‍ വച്ച് പട്ടമേറ്റുവാങ്ങി .

അതിന് ശേഷം റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. 1988 ല്‍ സീറോമലബാര്‍ സഭയുടെ ഭാഗമായി കല്യാണ്‍ രൂപത സ്ഥാപിതമായപ്പോള്‍ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു.