തുഷാ‍ർ നയിക്കുന്ന ബിഡിജെഎസ് ആണ് എൻ‍ഡിഎയുടെ ഭാഗം ; കെ.സുരേന്ദ്രൻ

single-img
6 September 2020

തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് ആണ് എൻഡിഎയുടെ ഭാഗമെന്ന് കെ.സുരേന്ദ്രൻ. ധാർമ്മികതയുണ്ടെങ്കിൽ സുഭാഷ് വാസു ചെയർമാൻ സ്ഥാനം രാജിവെയ്ക്കണമെന്നും ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ വൻ മുന്നേറ്റം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. ചവറ – കുട്ടനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിഡിജെഎസിലെ അഭ്യന്തര തർക്കത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തിയത്.

കൊവിഡ് രോഗിയെ 108 ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവം സംസ്ഥാനത്തിനാകെ നാണക്കേട് സൃഷ്ടിച്ചുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന് ഗുരുതരവീഴ്ച പറ്റി. ആരോഗ്യമന്ത്രി ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണം. 108 ആംബുലൻസ് ഡ്രൈവർ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ്.

കൊവിഡ് രോഗികളെ കൊണ്ടുപോകുമ്പോൾ നഴ്സുമാർ ഉണ്ടായിരിക്കണമെന്നാണ് പ്രോട്ടോകോൾ. ഇക്കാര്യത്തിൽ വിശദമായി അന്വേഷണം വേണം.108 ആംബുലൻസിലെ ഡ്രൈവർമാരുടെ നിയമനത്തെപ്പറ്റി അന്വേഷിക്കണം. ലഹരി മാഫിയയുടെ താവളമായി കേരളം മാറി. ലഹരി സംഘങ്ങളെപ്പറ്റി സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.