ഗുജറാത്ത് കലാപം: മൂന്ന് സിവില്‍ കേസുകളില്‍ നിന്ന് മോദിയുടെ പേര് നീക്കം ചെയ്ത് കോടതി

single-img
6 September 2020

ഗുജറാത്തിൽ 2002ല്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട മൂന്ന് സിവില്‍ കേസുകളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പ്രതിപ്പട്ടികയില്‍ നിന്ന് കോടതി ഒഴിവാക്കി. കേസ് പരിഗണിക്കുന്ന സബര്‍കന്ത ജില്ലയിലെ താലൂക്ക് കോടതിയാണ് പ്രധാനമന്ത്രിയുടെ പേര് നീക്കി ഉത്തരവിട്ടത്. കലാപത്തിന് ഇരയായവരുടെ ബന്ധുക്കള്‍ നല്‍കിയ കേസുകളില്‍ നിന്നാണ് മോദിയുടെ പേര് മാറ്റിയത്.

ഈ കേസുകളില്‍ നിന്നും പ്രധാനമന്ത്രിയുടെ പേര് നീക്കം ചെയ്യണമെന്ന് കാണിച്ച് മോദിയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി. മോദിക്കെതിരേ കേസുകളില്‍ പറയുന്ന ആരോപണങ്ങള്‍ പൊതുവായതും വ്യക്തമല്ലാത്തതുമാണെന്നും കൃത്യം നടന്ന സ്ഥലത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് പൗരന്മാരായ ഷിറിന്‍ ദാവൂദ്, ഷമീമ ദാവൂദ്, ഇന്ത്യന്‍ പൗരനായ ഇമ്രാന്‍ സലിം ദാവൂദ് എന്നിവരായിരുന്നു 20 കോടിരൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് കോടതിയില്‍ സിവില്‍ സ്യൂട്ടുകള്‍ സമര്‍പ്പിച്ചത്.കലാപം നടന്ന ഫെബ്രുവരി 28 ന് ഇമ്രാന്‍ ദാവൂദ്, അമ്മാവന്മാരായ സയിദ് ദാവൂദ്, ഷക്കീല്‍ ദാവൂദ്, മുഹമ്മദ് അശ്വത് എന്നിവരോടൊപ്പം സബര്‍കന്ത ജില്ലയിലെ പ്രന്തിജിനടുത്തുള്ള അവരുടെ ഗ്രാമമായ ലജ്പൂരിലേക്ക് മടങ്ങുകയായിരുന്നു. യാത്രയ്ക്കിടയില്‍ ഹിന്ദുത്വ കലാപകാരികള്‍ വഴി തടഞ്ഞ് ടാറ്റാ സുമോയ്ക്ക് തീയിടുകയായിരുന്നു.

വാഹനത്തില്‍ ഉണ്ടായിരുന്ന സയിദിനെയും അശ്വതിനെയും ഗുജറാത്തി ഡ്രൈവര്‍ യൂസഫ് പിരാഗറിനെയും അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. കൂടെ ഉണ്ടായിരുന്ന ഷക്കീലിനെ കാണാതാവുകയും ചെയ്തിരുന്നു. ഈ കേസില്‍ മോദിയെ കൂടാതെ ആറ് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി.