തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; 500 കിലോ കഞ്ചാവ്​ പിടികൂടി

single-img
6 September 2020

തിരുവനന്തപുരത്ത് 500 കിലോ കഞ്ചാവ്​ പിടികൂടി. ദേശീയപാതയിൽ ആറ്റിങ്ങലിന് സമീപം കോരാണിയിൽവെച്ച് ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് കഞ്ചാവ്​ വേട്ട നടന്നത്​.​ മൈസൂരുവിൽ നിന്ന്​ കണ്ടെയ്​നർ ലോറിയിൽ ഒളിപ്പിച്ച്​ കടത്താൻ ശ്രമിച്ച കഞ്ചാവാണ് എക്​സൈസ്​ സ്​പെഷ്യൽ സ്​ക്വാഡ്​ ​ പിടികൂടിയത്​. ലോറിയിൽ ഡ്രൈവർ ക്യാബിന് മുകളിൽ പ്രത്യേകം നിർമ്മിച്ച അറകളിലായിരുന്നു കഞ്ചാവ്​ ഒളിപ്പിച്ചത്​.

വാഹനത്തില്‍ ഉണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുല്‍വന്ത് സിങ് ഝാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് കഞ്ചാവ് കൊടുത്തയച്ചവരെപ്പറ്റിയും കൈപ്പറ്റുന്നവരെ കുറിച്ചും വ്യക്തമായ സൂചനകള്‍ ലഭ്യമായിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എക്​സൈസ്​ വകുപ്പിന്​ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ ഏകദേശം 20 കോടി രൂപ വില വരുന്ന കഞ്ചാവ്​​ പിടിച്ചെടുത്തത്​. സംസ്ഥാനത്ത്​ ഇതുവരെ പിടികൂടിയതിൽ വെച്ച്​ ഏറ്റവും വലിയ കഞ്ചാവ്​ വേട്ടയാണിതെന്ന്​ ഉദ്യോഗസ്ഥർ വ്യക്തമാക്കി