ഡെങ്കുവിനെതിരായ പോരാട്ടത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

single-img
6 September 2020

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡെങ്കിപ്പനിക്കെതിരായ 10 ആഴ്ച തുടരുന്ന ബോധവല്‍ക്കരണ പ്രചാരണത്തിന് തുടക്കമിട്ടു. തന്റെ വീട്ടില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കിയും പരിസരം ശുചിയാക്കിയും ഡെങ്കുവിനെതിരായ ബോധവല്‍ക്കരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, ദില്ലിയിലെ ജനങ്ങൾ വീണ്ടും ഡെങ്കിപ്പനിക്കെതിരായ യുദ്ധം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

”ദില്ലിയിലെ ജനങ്ങള്‍ ഒരിക്കല്‍ക്കൂടി ഡെങ്കുവിനെതിരായി യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ” ശുചീകരണത്തിന്റെ ചിത്രം പങ്കുവച്ച് കെജ്രിവാള്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ആംആദ്മി പാര്‍ട്ടി ആരംഭിച്ചതാണ് സാംക്രമിക രോഗങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ പരിപാടികള്‍. ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ രാജേന്ദ്ര പാല്‍ ഗൗതം, കൈലാഷ് ഗെഹ്ലോട്ട്, തുടങ്ങിയവരും ശുചീകരണത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു.

ദില്ലിയില്‍ കഴിഞ്ഞ വര്‍ഷം 2036 പേര്‍ക്കാണ് ഡെങ്കു ബാധിച്ചത്. 2015 ല്‍ 1500 പേര്‍ക്ക് രോഗം ബാധിച്ചതില്‍ നിന്നാണ് 2036 എന്ന കണക്കിലേക്ക് ചതുരുങ്ങിയതെന്ന് ആംആദ്മി സര്‍ക്കാര്‍ പറയുന്നു. 60 പേരാണ് ഡെങ്കു ബാധിച്ച് 2015 ല്‍ മരിച്ചത്. സെപ്റ്റംബർ ആറിന് ആരംഭിച്ച കാമ്പെയ്ൻ ഇനി മുതൽ എല്ലാ ഞായറാഴ്ചയും തുടരും.