ടൈറ്റാനിക് കപ്പല്‍ നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടോ?; ഇതാ നിങ്ങള്‍ക്കും ഒരു അവസരം

single-img
5 September 2020

ആഡംബരത്തിന്റെ അവസാന വാക്കായി ആദ്യ യാത്രയില്‍ തന്നെ മഞ്ഞുമലയിൽ ഇടിച്ച് കടലിന്റെ ആഴങ്ങളിലേക്ക് താഴ്ന്നിറങ്ങിയ ടൈറ്റാനിക് എല്ലാ കാലവും ലോകജനതയുടെ മനസ്സില്‍ ഇടം നേടിയ വാര്‍ത്തയും കൌതുകവുമാണ്. അപകടം നടന്നശേഷം 1985 ൽ ആദ്യമായി ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതുവരെ ടൈറ്റാനിക് എന്ന കപ്പലും അതിന്റെ വിശേഷങ്ങളും വെറും കഥകൾ മാത്രമായിരുന്നു.

ഭാവനയും കലര്‍ത്തി ടൈറ്റാനിക് എന്ന പേരിൽ ഹോളിവുഡ് സിനിമ ഇറങ്ങിയപ്പോഴും മലയാളികള്‍ പോലും ചിലപ്പോള്‍ ആഴങ്ങളിൽ ആണ്ടുപോയ ഈ കപ്പലിനെ ഒരു നോക്കു കാണാൻ ആഗ്രഹിച്ചിട്ടുണ്ടാകും. എങ്കിൽ ഇതാ, ഇപ്പോൾ, അതിനുള്ള അവസരം വന്നിരിക്കുന്നു. 35 വര്‍ഷങ്ങള്‍ക്ക് ശേഷം, ഓഷ്യൻ ഗേറ്റ് ടൈറ്റാനിക് സർവേ എക്സ്പ്ലോർ എന്ന കമ്പനി ടൈറ്റാനിക്കിനെ ആളുകള്‍ക്ക് നേരിട്ടു കാണാൻ അവസരമൊരുക്കുന്നു.

ഇതിനായി അടുത്ത വർഷം മുതൽ നിങ്ങൾക്ക് അത്യാധുനിക സജ്ജീകരണങ്ങളുള്ള സബ്‌മെർസിബിൾ റെക്ക് സൈറ്റിലേക്ക് ഇറങ്ങാനും അതുവഴി കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുവാനും സാധിക്കും. നിങ്ങള്‍ക്ക് കാണാന്‍ പോകണമെങ്കില്‍ അതിന് ആദ്യം ഒരു മിഷൻ സ്പെഷലിസ്റ്റ് ആകണം. ഈ യാത്രയ്ക്ക് ഏകദേശം 125,000 ഡോളർ നൽകേണ്ടിവരും.

യാത്ര ആരംഭിക്കുന്നത് ന്യൂഫൗണ്ട് ലാൻഡിലെ സെന്റ് ജോൺസിൽനിന്നാണ്, അവിടെ നിന്നും ആദ്യം ഡൈവ് സപ്പോർട്ട് കപ്പലിൽ കയറും. ആ കപ്പലില്‍ സന്ദർശകർക്കായി നിരവധി മിഷൻ ബ്രീഫുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
വിടെ നിന്നും കപ്പൽ തകർന്ന സൈറ്റിലേക്ക് പോകുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ പരിശീലനവും മറ്റും നൽകും.

മൂന്നാമത്തെ ദിവസം വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക്കിന് മുകളിൽ എത്തും. അവിടെ ചെന്നാല്‍ ടൈറ്റാനിക് കാണാനുള്ള ഓരോ മുങ്ങലും ആറ് മുതൽ എട്ട് മണിക്കൂർ വരെ നീളും. മറ്റുള്ള കാഴ്ചകൾക്കായി മൂന്നു മണിക്കൂറും. അതായത് ഏകദേശം പത്ത് ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണിത് എന്ന് ചുരുക്കം.

യാത്രയില്‍ ഓരോ മിഷൻ സ്പെഷലിസ്റ്റിനും ഒരു സ്വകാര്യ മുറി ഉണ്ടായിരിക്കും. നിങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും ഡൈവ് സപ്പോർട്ട് കപ്പലിൽ സൂക്ഷിക്കാം. സെന്റ് ജോൺസിലേക്കുള്ള നിങ്ങളുടെ വിമാന നിരക്ക് നേരത്തേ പറഞ്ഞ നിരക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.എന്തായാലും താല്പര്യമുള്ളവര്‍ക്ക് അടുത്ത വർഷം മുതൽ ഇതിന് സാധിക്കും.