തന്റെ പഠനം അഞ്ചാം ക്ലാസിൽ മുടങ്ങാത്തതിന് കാരണം വ്യക്തമാക്കി പിണറായി; അധ്യാപക സമൂഹത്തിന്റേത് കഠിനാദ്ധ്വാനമെന്നും മുഖ്യമന്ത്രി

single-img
5 September 2020
Pinarayi on his schooling; remembers teachers

എൽപി സ്കൂളിൽ അവസാനിക്കുമായിരുന്ന തന്റെ വിദ്യാഭ്യാസ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഉത്സാഹിച്ച അധ്യാപകരെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപകരായ ഗോവിന്ദൻ മാഷിനെയും ശങ്കരൻ മുൻഷി മാഷിനെയുമാണ് പിണറായി അധ്യാപക ദിനത്തിൽ അനുസ്മരിച്ചത്. ഗോവിന്ദൻ മാഷ് അമ്മയെ വിളിപ്പിച്ച് മകനെ തുടർന്നും പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആ പ്രേരണയെ ഉൾക്കൊള്ളുന്നതായിരുന്നു അമ്മയുടെ വാത്സല്യമെന്നും അങ്ങനെയാണ് തനിക്ക് പഠനം തുടരാൻ സാധിച്ചതെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ബാല്യം പിന്നിടുന്നതിന് മുൻപേ ജീവിതത്തോട് ഏറ്റുമുട്ടാൻ കായികാദ്ധ്വാനത്തിനു ഇറങ്ങുന്നവർ ഭൂരിപക്ഷമുള്ള ഭൂതകാലത്തെ കുറിച്ച് മുഖ്യമന്ത്രി വിശദമാക്കി. വിദ്യാഭ്യാസത്തിന് ഇന്നുള്ള പ്രാധാന്യവും പ്രചാരവും ആ കാലത്ത് ലഭിച്ചിരുന്നില്ല. അഞ്ചാം ക്ലാസ് കഴിഞ്ഞയുടനെ പഠിപ്പു നിർത്തി തൊഴിലിലേക്ക് തിരിയുക എന്നതായിരുന്നു അന്നത്തെ നാട്ടു രീതി. അന്നത്തെ കാലത്ത് അത് തികച്ചും സ്വാഭാവികമായിരുന്നു എന്നും മുഖ്യമന്ത്രി പറയുന്നു. യുപി സ്കൂൾ അദ്ധ്യാപകനായിരുന്ന ശങ്കരൻ മുൻഷി മാഷ് അമ്മയെ വിളിപ്പിച്ച്, മകനെ ‘തോൽക്കുന്നതു വരെ പഠിപ്പിക്കണം’ എന്ന് ഉപദേശിച്ചു. അങ്ങനെയാണ് എന്റെ വിദ്യാർത്ഥി ജീവിതം തുടർന്നത്.- മുഖ്യമന്ത്രി വിവരിക്കുന്നു.

സമ്പൂർണ്ണ സാക്ഷര കേരളം എന്ന നമ്മുടെ അഭിമാനത്തിന്റെ അടിത്തറയിൽ അധ്യാപക സമൂഹത്തിൻ്റെ സമർപ്പണത്തിൻ്റേയും കഠിനാദ്ധ്വാനവുമുണ്ട്. ഈ ആധുനിക കേരളത്തിലേയ്ക്ക് നമ്മളെ നയിച്ചതിൽ അധ്യാപക സമൂഹത്തിന് നിർണായകമായ പങ്കുണ്ട്. ഈ മഹാമാരിയുടെ കാലത്ത് പോലും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ അധ്യാപക സമൂഹം കഠിനാദ്ധ്വാനം ചെയ്യുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.