എയര്‍പ്യൂരിഫയര്‍ ഘടിപ്പിച്ച സ്പെഷ്യൽ മാസ്‌കുമായി എല്‍ജി

single-img
5 September 2020

എയര്‍ പ്യൂരിഫയറായി പ്രവര്‍ത്തിക്കുന്നതും മാസ്‌ക് പോലെ മുഖത്ത് ധരിക്കാവുന്നതുമായ ഉല്പന്നമാണ് പ്യൂരികെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയര്‍. എല്‍ജി ഈ സ്പെഷ്യൽ മാസ്കുമായി വിപണിയിൽ താമസിയാതെ എത്തും. ഈ എയര്‍ പ്യൂരിഫയര്‍ മാസ്‌ക് വിപണിയില്‍ എന്ന് ലഭ്യമാകുമെന്ന് എല്‍ജി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും തെരഞ്ഞെടുത്ത വിപണികളില്‍ വർഷാവസാനത്തോടെ ലഭ്യമാകുമെന്നാണ് കരുതുന്നതെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു.

എല്‍ജിയുടെ എയര്‍ പ്യൂരിഫയര്‍ ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്ന ഫില്‍ട്ടറുകള്‍ക്ക് സമാനമായ മാറ്റിവയ്ക്കാവുന്ന ഒരു ജോഡി ഫില്‍ട്ടറുകളാണ് പ്യൂരികെയറിലും ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇരട്ട മൈക്രോ ഫാനുകള്‍ ഇതിലുണ്ട്. ഇതാണ് മാസ്‌ക് ധരിക്കുന്ന ആളെ ശ്വസിക്കാന്‍ സഹായിക്കുന്നത്.

ഒരാള്‍ ശ്വാസം എടുക്കുന്നതും പുറത്ത് വിടുന്നതും മനസ്സിലാക്കാന്‍ കഴിയുന്ന സെന്‍സറുകള്‍ ഫാനിന്റെ വേഗത്തെ നിയന്ത്രിക്കുന്നു. അതിനാല്‍, പ്യൂരികെയര്‍ ധരിച്ചിരിക്കുമ്പോള്‍ സുഗമമായി ശ്വസിക്കാം. ഈ സെന്‍സറുകള്‍ക്ക് കമ്പനി പേറ്റന്റ് നേടിക്കഴിഞ്ഞു.മാസ്‌കിലെ ഓരോ ഭാഗവും മാറ്റിവയ്ക്കാവുന്നതും റീസൈക്കിള്‍ ചെയ്യാവുന്നതുമാണ്.

വായുവിലെ രോഗാണുക്കളെ നശിപ്പിക്കാന്‍ കഴിവുള്ള യുവി-എല്‍ഇഡി ലൈറ്റുകളും മാസ്‌കിലുണ്ട്. മണിക്കൂറുകളോളം ഈ മാസ്‌ക് ധരിക്കാന്‍ കഴിയും വിധമാണ് രൂപകല്‍പന. ഫില്‍ട്ടറുകള്‍ മാറ്റിവയ്‌ക്കേണ്ട സമയം ആകുമ്പോള്‍ എല്‍ജി തിന്‍ക്യു എന്ന മൊബൈല്‍ ആപ്പ് മാസ്‌ക് ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകള്‍ ലഭ്യമാണ്.

820എംഎഎച്ച് ബാറ്ററിയാണ് പ്യൂരികെയര്‍ വിയറബില്‍ എയര്‍ പ്യൂരിഫയറിലുള്ളത്. ലോ പവര്‍ മോഡില്‍ എട്ടു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. ഹൈ പവര്‍ മോഡില്‍ രണ്ട് മണിക്കൂറുകള്‍ വരെയും പ്രവര്‍ത്തിക്കും.