യാത്രാ നിരക്ക് കുറച്ച് കൊച്ചി മെട്രോ; സര്‍വീസുകള്‍ തിങ്കളാഴ്ച പുനരാരംഭിക്കും

single-img
5 September 2020

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന മെട്രോ ട്രെയിന്‍ സര്‍വീസ് തിങ്കളാഴ്ച പുനരാരംഭിക്കുന്നു. ഇതോടൊപ്പം മെട്രോ യാത്രാ നിരക്ക് കുറയ്ക്കുകയും ചെയ്തു. നേരത്തെ ഉണ്ടായിരുന്ന കൂടിയ നിരക്ക് 60 രൂപ ആയിരുന്നത് 50 രൂപയായി കുറയ്ക്കുകയായിരുന്നു.

അതേസമയം കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പത്ത് ശതമാനം കൂടി ഇളവ് ലഭിക്കുകയും ചെയ്യും.
വീണ്ടും സര്‍വീസ് ആരംഭിക്കുന്ന ആദ്യ രണ്ട് ദിവസങ്ങളില്‍ (7,8 തിയതികളില്‍) മെട്രോയ്ക്ക് ഉച്ചയ്ക്ക് അവധിയായിരിക്കും. ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് മണി വരെയായിരിക്കും അവധി.

രാത്രി എട്ട് മണിക്ക് സര്‍വീസ് അവസാനിക്കുകയും ചെയ്യും. അവധി ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 9 വരെയും 10 മിനിറ്റ് ഇടവേളകളില്‍ സര്‍വീസ് ഉണ്ടായിരിക്കും.
അതേസമയം ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെയുള്ള സമയത്ത് 20 മിനിറ്റ്ഇടവിട്ടായിരിക്കും സര്‍വീസ് നടക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ സര്‍വീസ് രാവിലെ 7 മുതല്‍ രാത്രി 9 വരെ ആയിരിക്കും.

മെട്രോ സര്‍വീസിലെ അവസാന ട്രെയിന്‍ ആലുവ, തൈക്കൂടം സ്‌റ്റേഷനുകളില്‍ നിന്ന് രാത്രി 9 മണിക്ക് പുറപ്പെടും. പത്ത് മിനിറ്റ് ഇടവേകളില്‍ സര്‍വീസ്. ഞായറാഴ്ചകളില്‍ സര്‍വീസ് രാവിലെ എട്ട് മണി മുതല്‍ മാത്രമായിരിക്കും. യാത്രികരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍വീസ് പൂര്‍വ്വസ്ഥിതിയില്‍ ആക്കിയാല്‍ മതിയെന്നാണ് തീരുമാനുമാനം. ഇതിന്റെ ഭാഗമായാണ് ആദ്യ രണ്ട് ദിവസത്തെ നിയന്ത്രണങ്ങള്‍ ഉണ്ടാവുന്നത്. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാകും മെട്രോയുടെ സര്‍വീസ്.