ഇന്ത്യ- ചെെന പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി: പ്രശ്നത്തിൽ ഇടപെടാമെന്ന് ട്രംപ്

single-img
5 September 2020

അതിർത്തി തർക്കത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ചൈനയുടെ അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച. രണ്ട് മണിക്കൂറും 20 മിനിറ്റും കൂടിക്കാഴ്ച നീണ്ടു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെ രാജ്‌നാഥ് സിങ്ങിനോട് സമയം ചോദിച്ചത്. ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. സൈനികപരിഹാരമല്ല നയതന്ത്ര പരിഹാരമാണ് ആവശ്യമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്നലെ പറഞ്ഞിരുന്നു. 

അതിനിടയില്‍, ഇന്ത്യചൈന തര്‍ക്കത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ഇടപെടാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അതിര്‍ത്തിയിലെ സാഹചര്യം വളരെ മോശമാണ്. ചൈന ശക്തമായാണ് മുന്‍പോട്ട് പോവുന്നത്. തര്‍ക്ക പരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ അമേരിക്കയ്ക്ക് താത്പര്യം ഉണ്ടെന്നും ട്രംപ് പറഞ്ഞു.