പരാതിക്കാരിയെ വിവാഹം കഴിക്കാനായി ബലാത്സംഗ കേസിലെ പ്രതിക്ക് താൽക്കാലിക ജാമ്യം നൽകി ഹൈക്കോടതി

single-img
5 September 2020

ബലാത്സംഗ കേസിൽ പരാതിനൽകിയ യുവതിയെ വിവാഹം കഴിക്കാൻ പ്രതിക്ക് താൽക്കാലിക ജാമ്യം അനുവദിച്ച് മധ്യപ്രദേശ് ഹൈക്കോടതി. വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ നിലവിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിക്ക് ഇതിനായി രണ്ട് മാസത്തേക്കാണ് കോടതിയുടെ ഇന്ദോർ ബെഞ്ച് ജാമ്യം അനുവദിച്ചത്.

പ്രതിക്ക് 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തത്തുല്യ തുകയുടെ ആൾജാമ്യത്തിലുമാണ് ജസ്റ്റിസ് എസ്കെ അവാസ്തി ജാമ്യം അനുവദിച്ചത്. വരുന്ന നവംബർ മൂന്നിന് പ്രതി വിചാരണ കോടതിയിൽ വീണ്ടും ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

ഈ വർഷം ഫെബ്രുവരിയിലാണ് 37-കാരി നൽകിയ പരാതിയിൽ കോട്വാലി സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. തനിക്ക് വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നായിരുന്നു പപരാതിയിൽ പറഞ്ഞിരുന്നത്. പരസപരം പ്രണയത്തിലായിരിക്കുമ്പോൾ തന്നെ പലതവണ പീഡിപ്പിച്ചെന്നും പരാതിയിലുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കാമെന്ന പ്രതിയുടെ വാഗ്ദാനം വിശ്വസിച്ച യുവതി കഴിഞ്ഞ ജനുവരിയിൽ ഭർത്താവിൽനിന്ന് വിവാഹമോചനം നേടുകയും ചെയ്തു.

സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ചെത്തിയിട്ടും യുവതിയെ വിവാഹം കഴിക്കാൻ പ്രതി കൂട്ടാക്കിയിരുന്നില്ല. ഇതിനെ തുടർന്ന് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.കേസ് വന്നപ്പോൾ പ്രതിയെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് പരാതിക്കാരിയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.ഇതോടെ ഇരുകൂട്ടരുടെയും കുടുംബങ്ങൾ ചേർന്നാണ് വിവാഹം നടത്തുന്നതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രകേസിലെ പ്രതിയും പരാതിക്കാരിയും പ്രായപൂർത്തിയായവരാണെന്നും വിവാഹം കഴിക്കാൻ ഇരുവർക്കും സമ്മതമാണെന്നും അറിയിച്ചതിനാൽ ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.