‘ഏറ്റവും വെറുക്കപ്പെടുന്ന നേതാവുള്ള പാർട്ടി, ബിജെപിക്ക്‌ രാജ്യപുരോഗതി കൊണ്ടു വരാനാകില്ല;’ രൂക്ഷ വിമർശനവുമായി മുൻ ബിജെപി വക്താവ്

single-img
5 September 2020
ബിജെപിയിൽ നേതാക്കളെ വിമർശിക്കാനാവില്ല. വിയോജിക്കാനുള്ള അവകാശം പോലും ഇല്ലാതായെന്നും കൃഷ്ണാനു മിത്ര കുറ്റപ്പെടുത്തി.

ബിജെപിക്ക്‌ രാജ്യപുരോഗതി കൊണ്ടു വരാനാകില്ലെന്നും വിയോജിക്കാനുള്ള അവകാശം പോലും പാർട്ടിയിൽ ഇല്ലാതായെന്നും മുൻ ബിജെപി വക്താവ് കൃഷ്ണാനു മിത്ര. മൂന്നു പതിറ്റാണ്ട് കൊണ്ട് ബിജെപിയിലെ ഉൾപാർട്ടി പ്രശ്നങ്ങൾ അടുത്തറിയാനായി എന്നും പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്ന ബോധ്യത്തിലാണ് ബിജെപി വിട്ടത് എന്നും കൃഷ്ണാനു മിത്ര വ്യക്തമാക്കി.

‘കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയവരുടെ ജനവിരുദ്ധ കാഴ്ചപ്പാടുകളുടെ സ്വാധീനം പാർട്ടിയിൽ ശക്തമായി. ഇപ്പോൾ ജനവിരുദ്ധ കാഴ്ചപ്പാടുകൾ ബിജെപിയുടേതായി മാറിക്കഴിഞ്ഞു. ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഏറ്റവും വെറുക്കപ്പെടുന്ന നേതാവുണ്ടെങ്കിൽ അത് ബിജെപിയുടേതായിരിക്കും.’ 29 വർഷം ആർഎസ്എസിലും എട്ടു വർഷം ബിജെപിയിലും പ്രവർത്തിച്ചതിന്റെ ദുരനുഭവമാണ് കൃഷ്ണാനു മിത്ര പങ്കുവച്ചത്. ഒരു ഇംഗ്ളീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ബിജെപിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

2016 മുതൽ കോൺഗ്രസ് പ്രവർത്തകരെ ബിജെപി സ്വാഗതം ചെയ്യുകയാണ്. തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ അവർക്കായി ഒരു മടിയുമില്ലാതെ വാതിൽ മലർക്കെ തുറന്നിട്ടിരിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രീയ സ്വാധീനം ചൂഷണം ചെയ്യുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. ബിജെപിയിൽ നേതാക്കളെ വിമർശിക്കാനാവില്ല. വിയോജിക്കാനുള്ള അവകാശം പോലും ഇല്ലാതായി. ഇപ്പോൾ ആ പാർട്ടിയിൽ ജനാധിപത്യത്തിന് വിലയില്ല. ജനാധിപത്യത്തിന് ഇടം നൽകാതെ ബിജെപി ബംഗാളിനെയും പാർട്ടിയെയും തകർക്കുകയാണെന്നും കൃഷ്ണാനു മിത്ര കുറ്റപ്പെടുത്തി.

ആർഎസ്എസ്സിൽ നിന്ന് ബിജെപിയുടെ മുൻനിര നേതാവായി വളർന്ന കൃഷ്ണാനു റാഞ്ചിയിയിലാണ് ജനിച്ചത്. പ്ലസ്ടു മുതൽ കൊൽക്കത്തയിൽ സ്ഥിര താമസമാക്കി. ‘സാമൂഹ്യ സാമ്പത്തിക പുരോഗതി എന്ന ലക്‌ഷ്യം വച്ചാണ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ശക്തമായ സംഘടനയായതിനാൽ ബിജെപിക്ക്‌ ഞാൻ ഉദ്ദേശിച്ച രാജ്യപുരോഗതി കൊണ്ടു വരാനാകുമെന്നായിരുന്നു ധാരണ. എന്നാൽ ദീർഘകാല അനുഭവത്തിലൂടെ അത് സാധ്യമല്ലെന്ന് വ്യക്തമായി.’ 45 കാരനായ മുൻ ബിജെപി വക്താവ് വ്യക്തമാക്കി. ബിജെപിയിൽ നിന്ന് രാജി വച്ച കൃഷ്ണാനു മിത്ര തൃണമൂൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയാണിപ്പോൾ.