രമ്യ ഹരിദാസിനെ വെഞ്ഞാറമൂട്ടിൽ സിപിഎം പ്രവർത്തകർ തടഞ്ഞു കാറിൽ കരിങ്കൊടി കെട്ടി

single-img
5 September 2020

ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. എംപി സഞ്ചരിച്ച വാഹനം സിപിഎം പ്രവര്‍ത്തകര്‍ തടയുകയും വാഹനത്തില്‍ കരിങ്കൊടി കെട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഇരട്ടക്കൊലപാതകം നടന്ന തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വെച്ചാണ് സംഭവം.

രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. തിരുവനന്തപുരത്തു നിന്നും ചങ്ങനാശ്ശേരിക്ക് പോകുകയായിരുന്നു. കാറിന്റെ മുന്‍സീറ്റിലായിരുന്നു താന്‍. സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വാഹനം നിര്‍ത്തി. ഇതിനിടെ ഒന്നുരണ്ടുപേര്‍ വാഹനത്തില്‍ ഇടിക്കുകയും, വാഹനത്തില്‍ കരിങ്കൊടി കെട്ടുകയുമായിരുന്നു.

വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം വെച്ചായിരുന്നു സംഭവം. കോണ്‍ഗ്രസുകാര്‍ ആരും ഇതുവഴി പോകേണ്ടെന്നു പറഞ്ഞായിരുന്നു ആക്രമണം. പിന്നാലെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി രമ്യ ഹരിദാസ് പറഞ്ഞു. 

വിവരം അറിഞ്ഞ് പൊലീസ് എത്തി പ്രവര്‍ത്തകരെ മാറ്റിയാണ് എംപിയുടെ വാഹനം കടത്തിവിട്ടത്. പൊലീസില്‍ പരാതി നല്‍കിയതായി രമ്യ ഹരിദാസ് പറഞ്ഞു.