17,500 അടി ഉയരത്തിൽ വഴിതെറ്റി മൂന്ന് ചൈനക്കാർ; സഹായ ഹസ്തവുമായി ഇന്ത്യൻ സേന

single-img
5 September 2020

ഇനിയും ശാന്തമാകാത്ത അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും പരസ്പര സ്‌നേഹത്തിന്റെയും നന്മയുടെയും മാതൃകയാകുകയാണ് ഇന്ത്യന്‍ സൈന്യം. നോർത്ത് സിക്കിമിലെ പീഠഭൂമിയ്ക്കു സമീപം 17,500 അടി ഉയരത്തിൽ വഴിതെറ്റിപ്പോയ മൂന്ന് ചൈനീസുകാർക്കാണ് ഇന്ത്യൻ സേന സഹായഹസ്തം നീട്ടിയത്.

ഇവിടെ വഴിയറിയാതെ നിന്ന ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘത്തെ രക്ഷപെടുത്തിയ ഇന്ത്യന്‍ സൈന്യം അവർക്ക് വിശപ്പകറ്റാന്‍ ഭക്ഷണവും തണുപ്പകറ്റാൻ വസ്ത്രങ്ങളും നല്‍കിയാണ്‌ യാത്രയാക്കിയത്. ‘തീരെ കുറഞ്ഞ താപനിലയിൽ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു ചൈനീസുകാർ അകപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞ ഉടന്‍തന്നെ അപകടം മനസ്സിലാക്കി ഇന്ത്യൻ സേന അവിടേക്ക് ഓടിയെത്തി.

അവര്‍ക്കാവശ്യമായ ഓക്സിജൻ ഉള്‍പ്പെടെയുള്ള വൈദ്യസഹായങ്ങളും ഭക്ഷണവും തണുത്തുറഞ്ഞ കാലവസ്ഥയോടു പൊരുതാനുതകുന്ന വസ്ത്രങ്ങളും നൽകി.’ എന്ന് സേനയുടെ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു.

ഇതിനിടെ അവരുടെ കേടായ കാർ ശരിയാക്കാനും സൈനികർ സഹായിച്ചു. അവസാനം അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും സൈനികർ ശ്രദ്ധിച്ചു. തങ്ങളെ സഹായിച്ച ഇന്ത്യന്‍ സൈനികർക്ക് നന്ദി അറിയിച്ചാണ് ചൈനീസ് പൗരന്മാർ യാത്രയായത്. കാശ്മീരിലെ കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപം ചൈനീസ് സേന വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഏതാനും ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴാണ് ഈ സംഭവം.