തലസ്ഥാനത്ത് ഭീതി പരത്തി ദൃശ്യമാധ്യമ പ്രവർത്തകരിൽ കൊവിഡ് പടരുന്നു. ഏഷ്യാനെറ്റിലെ ചീഫ് റിപ്പോർട്ടർക്കും രോഗം സ്ഥിരീകരിച്ചു; രോഗവ്യാപനം തടയാൻ വാത്താസമ്മേളനങ്ങൾക്കു നിയന്ത്രണം കർക്കശമാക്കും

single-img
4 September 2020

സംസ്ഥാനത്ത് ദൃശ്യമാധ്യമ പ്രവർത്തകരിൽ കോവിഡ് രോഗം അതിവേഗം പടരുന്നു. തിരുവനന്തപുരത്ത് മാത്രം അഞ്ചു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഷ്യാനെറ്റ് ചാനലിലെ ചീഫ് റിപ്പോർട്ടർക്കാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇന്നലെ ഈ റിപ്പോർട്ടറോട് സമ്പർക്കം പുലർത്തിയിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലും പങ്കെടുത്തിരുന്നു. ഇത് കോവിഡ് പ്രോട്ടോക്കോൾ ലംഘനമാണെന്ന വിമർശനം തലസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കിടയിൽ ഉയർന്നിട്ടുണ്ട്. പ്രാഥമിക സമ്പർക്കപ്പട്ടകയിൽപ്പെട്ടവരെ ക്വാറൻ്റെെൻ ചെയ്യുന്നില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

രണ്ട് റിപ്പോർട്ടർമാർ, രണ്ട് എഡിറ്റർ, ഒരു ക്യാമറാമാൻ എന്നിവരുടെ കോവിഡ് പരിശോധനാ ഫലവും ഇന്ന് പോസിറ്റീവായി. വീണ്ടും അഞ്ചു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ വാത്താസമ്മേളനങ്ങൾക്കു മുൻപേയുള്ള പരിശോധനകൾ ഇനി മുതൽ കർക്കശമാക്കും. റിപ്പോർട്ടിങ് മേഖലയിലുള്ളവർക്ക് രോഗവ്യാപന സാധ്യത കൂടുതലായതിനാൽ പല നേതാക്കളും മന്ത്രിമാരും സാമൂഹ്യ അകലം പാലിച്ചാണ് വാത്താസമ്മേളനങ്ങൾ നടത്തുന്നത്. എന്നാൽ ദൃശ്യമാധ്യമ പ്രവർത്തകർ ബൈറ്റ് എടുക്കുന്ന വേളയിൽ മൈക്കിന് മുന്നിൽ സാമൂഹ്യ അകലം പാലിക്കാൻ സാധിക്കാറില്ല. 

തിക്കിത്തിരക്കി ബൈറ്റ് എടുക്കുമ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ മാസ്ക് ശരിയായി ധരിക്കാതെയാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് അധികൃതരും ഒട്ടേറെ തവണ നൽകിയ മുന്നറിയിപ്പുകളൊന്നും ഇവർ പാലിക്കാറുമില്ല. ഇതാണ് രോഗ വ്യാപനം വർദ്ധിക്കാനുള്ള പ്രധാന കാരണം. 

തിരുവനന്തപുരത്ത് സമ്പർക്കം മൂലമുള്ള രോഗവ്യാപനം വർദ്ധിച്ചതിനാൽ മാധ്യമ പ്രവർത്തകർക്ക് കൊവിഡ് രോഗപരിശോധന ഇടയ്ക്കിടെ  നടത്തി വരുന്നുണ്ട്. ചാനൽ റിപ്പോർട്ടർമാർ, ക്യാമറാമാൻമാർ, പത്ര റിപ്പോർട്ടർമാർ, ക്യാമറാമാൻമാർ എന്നിവർക്കാണ് കൊവിഡ് പരിശോധന നടത്തുന്നത്. കെയുഡബ്ള്യുജെ,  പ്രസ്ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നത്.