കേളകത്തെ ആദിവാസി യുവതിയുടെ മരണം കൊലപാതകം: പ്രതി പിടിയിൽ

single-img
4 September 2020

കണ്ണൂര്‍ കേളകത്തെ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. സംഭവത്തില്‍ പ്രതി പെരുവ ബിബിനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 28 നാണ് താഴെ മന്ദംചേരി സ്വദേശിനി ശോഭയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

കൊട്ടിയൂര്‍ താഴെ മന്ദംചേരിയിലെ ആദിവാസി പണിയ സമുദായക്കാരിയും വിധവയുമായ ശോഭ (34) യെ ഓഗസ്റ്റ് 24 മുതലാണ് കാണാതായത്. വീട്ടുകാരാണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്. 28ന് താമസസ്ഥലത്തുനിന്നും 35 കിലോമീറ്റര്‍ അകലെയുള്ള മാലൂര്‍ തോലമ്പ്രയിലെ ആള്‍താമസമില്ലാത്ത പറമ്പില്‍ മരിച്ച നിലയില്‍ ശോഭയെ കണ്ടെത്തുകയായിരുന്നു. 

നിലത്ത് ഇരുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. യുവതിയെ ഒന്നിലേറെ പുരുഷന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു എന്ന് ആദിവാസി ദലിത് മുന്നേറ്റസമിതി നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.  മൃതദേഹത്തില്‍ നിന്നും സ്വര്‍ണകമ്മല്‍, മാല, വള എന്നിവ നഷ്ടപ്പെട്ടതായും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

തുടർന്നു നടന്ന പഴുതടച്ച അന്വേഷണത്തിലാണ് പ്രതികൾ പൊലീസ് പിടിയിലായത്.