ദയാവധത്തിന് അനുമതി നിഷേധിച്ചു; തത്സമയം തന്റെ ആത്മഹത്യ സോഷ്യൽ മീഡിയയിൽ കാണാമെന്ന് മധ്യവയസ്കന്റെ ഭീഷണി

single-img
4 September 2020

ദയാവധത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് തത്സമയം തന്റെ ആത്മഹത്യ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുമെന്ന് മധ്യവയസ്കന്റെ ഭീഷണി. രോഗപീഡ മൂലം തനിക്ക് ദയാ വധത്തിന് അനുമതി നൽകണമെന്നായിരുന്നു ഫ്രഞ്ച് പൗരനായ അലൈൻ കോക്കിന്റെ ആവശ്യം. എന്നാൽ പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ ആവശ്യം നിരസിച്ചു. ഇതിൽ പ്രതിഷേധിച്ച് താൻ പട്ടിണി സമരത്തിലാണെന്നും മരണം വരെ അത് ലൈവ് സ്ട്രീമിങ് നടത്തുമെന്നും അലൈൻ കോക്ക് പ്രഖ്യാപിച്ചു.

ധമനികൾ ഒട്ടിചേർന്ന നിലയിലായ അപൂർവ രോഗം മൂലം താൻ കഷ്ടപ്പെടുകയാണെന്നും അതിനാലാണ് ദയാവധത്തിന് അനുമതി യാചിക്കുന്നതെന്നും അലൈൻ ഫ്രഞ്ച് പ്രസിഡന്റിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യത്തിന്റെ നിയമം അനുവദിക്കാത്ത ആവശ്യം പ്രസിഡണ്ട് മക്രോൺ തള്ളി. തുടർന്ന് 57 കാരനായ അലൈൻ പട്ടിണി സമരം ആരംഭിച്ചു.

ഇന്ത്യയെ പോലെ, ദയാവധത്തിന് അനുമതിയില്ലാത്ത രാജ്യമാണ് ഫ്രാൻസ്. എന്നാൽ അയൽ രാജ്യമായ ജർമനിയിൽ ദയാവധത്തിന് അനുമതിയുണ്ട്. ജർമൻ ക്രിമിനൽ ചട്ടങ്ങളിൽ നിന്ന് ദയാവധത്തെ ഒഴിവാക്കി കൊണ്ടാണ് സുപ്രീം കോടതി ആസ്ഥാനമായ കാൾസ്റൂഹെയിൽ ഫുൾ ബഞ്ചിന്റെ ഉത്തരവ്. മാറാരോഗങ്ങൾ മൂലം മരണം കാത്തിരിക്കുന്നവർക്ക് ആശ്വാസം എന്ന നിലയ്ക്കാണ് ഈ വിധി.