പുരുഷ – വനിതാ താരങ്ങള്‍ക്ക് തുല്യ വേതനം; ചരിത്ര തീരുമാനവുമായി ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷന്‍

single-img
4 September 2020

ലോകമാകെ ആരാധരുള്ള ഫുഡ്ബോള്‍ ടീമാണ് ബ്രസീലിന്റെത്. ഇപ്പോള്‍ ഇതാ, ബ്രസീല്‍ ഫുട്ബോളില്‍ ഇനി പുരുഷ താരങ്ങള്‍ക്കും വനിതാ താരങ്ങള്‍ക്കും ലഭിക്കുക തുല്യവേതനം. ചരിത്രപരമായ ഈ തീരുമാനം ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷനാണ് പ്രഖ്യാപിച്ചത്.

പുതിയ തീരുമാന പ്രകാരം പുരുഷ താരങ്ങൾക്ക് നൽകുന്ന അതേ പ്രതിഫലവും സൗകര്യങ്ങളും വനിതാ ടീമിനും ലഭ്യമാകും എന്നതാണ് പ്രത്യേകത. ന്യൂസീലൻഡ്, നോർവേ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ മാതൃകയാക്കിയാണ് പുരുഷ, വനിതാ താരങ്ങൾക്ക് തുല്യ പ്രതിഫലം നൽകാൻ ബ്രസീലും ഇപ്പോള്‍ മുന്നോട്ടുവരുന്നത്. തങ്ങള്‍ പുരുഷ-വനിതാ താരങ്ങളെ ഒരുപോലെ കാണുമെന്ന് കോണ്‍ഫഡറേഷന്‍ പ്രസിഡന്റ് റൊഗേറിയോ കാബോക്ലോ പറയുകയും ചെയ്തു.

നേരത്തെ പുരുഷതാരങ്ങള്‍ക്കൊപ്പം തുല്യവേതനം തങ്ങള്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ വനിതാ ഫുട്ബോള്‍ ടീം യുഎസ് സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചതോടെയാണ് പുരുഷ-വനിതാ താരങ്ങള്‍ക്കിടയിലെ വേതനത്തിലെ അസമത്വം ലോകമാകെ ചര്‍ച്ചയായത്. യുഎസ് ടീം നല്‍കിയ ഹര്‍ജി കോടതി തള്ളികളയുകയായിരുന്നു.

ബ്രസീല്‍ തങ്ങളുടെ പുരുഷ താരങ്ങൾക്കും വനിതാ താരങ്ങൾക്കുമുള്ള പ്രൈസ് മണിയും അലവൻസുകളും ഇതോടൊപ്പം തുല്യമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ചിൽത്തന്നെ ദേശീയ വനിതാ ടീം മാനേജരെ അറിയിച്ചിരുന്നതാണെന്നും കോണ്‍ഫഡറേഷന്‍ പ്രസിഡന്റ് വ്യക്തമാക്കി.

ഇപ്പോള്‍ അന്താരാഷ്‌ട്ര വനിതാ ഫുട്ബോളിൽ നിലവിൽ എട്ടാം റാങ്കിലാണ് ബ്രസീൽ വനിതകൾ ഉള്ളത്. അമേരിക്ക, ജർമനി, ഫ്രാൻസ്, ഹോളണ്ട്, സ്വീഡൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവരാണ് യഥാക്രമം ഒന്നുമുതൽ ഏഴു വരെ സ്ഥാനങ്ങളിൽ ഉള്ള ടീമുകള്‍.