പ്രധാനമന്ത്രിയേയും യോഗി ആദിത്യ നാഥിനെയും അപകീര്‍ത്തിപ്പെടുത്തി; 42കാരനെതിരെ രാജ്യദ്രോഹക്കുറ്റം

single-img
4 September 2020

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തി എന്ന കുറ്റം ചുമത്തി 42കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലുള്ള കട്ടക്ക് ജില്ലക്കാരനായ മധ്യവയസ്കനെയാണ് വ്യാഴാഴ്ച രാവിലെ ഉത്തര്‍ പ്രദേശ് പൊലീസ് സംഘം കുശുമ്പി ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്.

രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം. കട്ടക്ക് ജില്ലാ പോലീസിന്‍റെ സഹായത്തോട് കൂടിയാണ് ഇയാളെ പിടികൂടിയത്. പ്രദേശത്തെ സിംഗബലി പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരായ പരാതിയുള്ളത്.

ഒഡിഷയിലുള്ള ഗ്രാമമായ സാലിപൂരില്‍ ചെറിയ വ്യാപാര സ്ഥാപനം നടത്തുകയായിരുന്ന ഇയാള്‍ പ്രധാനമന്ത്രിക്കെതിരെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെയും വിദ്വേഷം വമിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ നിരവധിപ്പേര്‍ക്ക് അയച്ചെന്നാണ് പോലീസിന് ലഭിച്ച പരാതി. അറസ്റ്റിന് ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു.