കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നത് അവരുടെ മെച്ചപ്പെട്ട ഭാവിക്ക്: ബിജെപി ഗുജറാത്ത് അധ്യക്ഷൻ

single-img
4 September 2020

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 182 സീറ്റുകളില്‍ മുഴുവനും വിജയിക്കുമെന്ന അവകാശവാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍.പാട്ടീല്‍. ഒരു സീറ്റ് നഷ്ടപ്പെട്ടാല്‍ താന്‍ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ ഗുജറാത്തുകാരനല്ലാത്ത അധ്യക്ഷനാണ് പാട്ടീല്‍. 

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സി.ആര്‍.പാട്ടീലിന്റെ അവകാശവാദം. മഹാരാഷ്ട്രയിലാണ് താന്‍ ജനിച്ചതെങ്കിലും ജീവിച്ചത് ഗുജറാത്തിലാണെന്നും അതുകൊണ്ട് തന്നെ ഞാന്‍ ഗുജറാത്തുകാരനാണെന്നും പാട്ടീല്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു തവണ 26-ല്‍ 26 സീറ്റുകളും ഞങ്ങള്‍ നേടിയിട്ടുണ്ടെന്നും പിന്നെ എന്തുകൊണ്ട് വിധാന്‍ സഭയിലും അങ്ങനെ വിജയിച്ചുകൂടെന്നും അദ്ദേഹം ചോദിച്ചു. 

അതും സാധ്യമാണ്. അത്തരമൊരു ലക്ഷ്യം നേടാന്‍ ആരും ധൈര്യപ്പെട്ടിട്ടില്ല. എന്നാല്‍ ഞാന്‍ ആ ലക്ഷ്യം നേടാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയോടെ മുന്നോട്ടുപോകുകയാണ്. ഭൂരിപക്ഷം ഒരു വോട്ടാണെങ്കിലും പ്രശ്‌നമല്ല- പാട്ടീല്‍ പറഞ്ഞു.

രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയത് സംബന്ധിച്ച ചോദ്യത്തിന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നത് അവരുടെ മെച്ചപ്പെട്ട ഭാവിക്കാണെന്നും പാട്ടീൽ മറുപടി പറഞ്ഞു. കോണ്‍ഗ്രസില്‍ അവര്‍ക്ക് ഭാവിയില്ലെന്ന് തിരിച്ചറിഞ്ഞ് വലിയ റിസ്‌ക് ഏറ്റെടുത്തുകൊണ്ടാണ് അവര്‍ ബിജെപിക്കൊപ്പം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.