ജോസ് വിഭാഗത്തെ  തിരികെയെടുത്താൽ യുഡിഎഫ് വിടും; നിലപാട് കടുപ്പിച്ച് പിജെ ജോസഫ്

single-img
3 September 2020

സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും യുഡിഎഫ് മുന്നണിക്ക്‌ തലവേദനയായി കേരള കോൺഗ്രസിലെ തർക്കങ്ങൾ ഓരോ ദിവസവും രൂക്ഷമാകുന്നു. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് ജോസഫ് വിഭാഗം രംഗത്തെത്തി.

ഏതെങ്കിലും കാരണത്താല്‍ ജോസ് കെ മാണിയെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവന്നാൽ യുഡിഎഫ് മുന്നണി തങ്ങള്‍ വിടുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഈ വിവരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, ബെന്നി ബഹന്നാൻ എന്നിവരെ അറിയിച്ചതായും പി ജെ ജോസഫ് പറഞ്ഞു. ജോസ് കെമാണിയുയുടെ വിഭാഗവുമായി മുന്നണിയുടെ ഉള്ളില്‍ ഒരുമിച്ച് പോകാനാവില്ലെന്നും യുഡിഎഫ് മുന്നണിയെ വഞ്ചിച്ച വിഭാഗത്തെ ഒപ്പം നിർത്താൻ ചിലർ ശ്രമിക്കുന്നത് ശരിയല്ലെന്നും പിജെ ജോസഫ് പറഞ്ഞു.

അതേപോലെതന്നെ ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടി മരവിപ്പിച്ച ഇടുക്കി സബ് കോടതി വിധി ഇപ്പോഴും നിലനിൽക്കുകയാണെന്നും ചെയർമാനായി പ്രവർത്തിക്കുന്നത് കോടതി അലക്ഷ്യമാണെന്നും പിജെ ജോസഫ് ചൂണ്ടിക്കാട്ടി. നിലവില്‍ ചിഹ്നത്തിന്റെ കാര്യം മാത്രമാണ് കോടതി പറഞ്ഞത്, ഈ വിഷയത്തില്‍ റിട്ട് ഹർജി നൽകുമെന്നും ഒപ്പം ജോസ് കെ മാണിക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകുമെന്നും പിജെ ജോസഫ് പറഞ്ഞു.