ഓണത്തിനും വരുമാനം ഇടിഞ്ഞു; പാലക്കാട് – കോയമ്പത്തൂര്‍ ബോണ്ട് സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി

single-img
3 September 2020

എല്ലാ ഓണക്കാലവും ചെയ്തിരുന്ന പോലെ ഇത്തവണയും തിരക്ക് പരിഗണിച്ച് സര്‍വീസ് നടത്തിയിട്ടും കൊവിഡ് പ്രതിസന്ധിയില്‍ മാറ്റമില്ലാത്തതിനാല്‍ തിരക്കൊന്നുമില്ലാതെ കെഎസ്ആര്‍ടിസി ഓടി. അതിനാല്‍ വരുമാനവും കുത്തനെ ഇടിയുകയുണ്ടായി. കഴിഞ്ഞ മാസം 29 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെയുള്ള അഞ്ചു ദിവസങ്ങളിലായി ഏകദേശം16,68,550 രൂപ മാത്രമാണ് പാലക്കാട് ജില്ലയിലെ നാലു ഡിപ്പോകളിലെ ആകെ വരുമാനം.

കഴിഞ്ഞവര്‍ഷത്തില്‍ പാലക്കാട് യൂണിറ്റില്‍ 21 ലക്ഷത്തിലധികം കളക്ഷന്‍ നേടി റെക്കോഡിട്ട സ്ഥാനത്താണിത്. വരുമാന നഷ്ടത്തെ തുടര്‍ന്ന് പാലക്കാട് ഡിപ്പോയില്‍നിന്നും കോയമ്പത്തൂരിലേക്ക് അടുത്ത ആഴ്ച മുതല്‍ ബോണ്ട് സര്‍വീസ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

കേരളത്തില്‍ നിന്നും കോയമ്പത്തൂരില്‍ ചെന്ന് ജോലി ചെയ്യുന്നവര്‍ക്കായാണ് ഈ സൗകര്യം ഒരുക്കുന്നത്.
എല്ലാ ദിവസവും പാലക്കാട് നിന്നും ഗാന്ധിപുരത്തേക്ക് രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട് വൈകീട്ട് 5.15ന് ഗാന്ധിപുരത്തുനിന്നും തിരിച്ച് മടങ്ങുന്ന രീതിയിലാണ് സര്‍വീസ് ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഇതിനോടകം 39 പേര്‍ സീറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മൂന്ന് ബോണ്ട് സര്‍വീസുകള്‍ ഉള്‍പ്പെടെ 51 സര്‍വീസുകളാണ് പാലക്കാട് ഡിപ്പോയില്‍നിന്നും പ്രവര്‍ത്തിപ്പിക്കുന്നത്. അതേപോലെ സബ് ഡിപ്പോകളായ മണ്ണാര്‍ക്കാട്‌നിന്നും 24, ചിറ്റൂര്‍ 25, വടക്കഞ്ചേരി 23 എന്നിങ്ങനെയും സര്‍വീസുകളുണ്ട്. ഇതിനെല്ലാം പുറമേ നെന്മാറയില്‍നിന്നും കലക്ടറേറ്റിലേക്കു ബോണ്ട്‌ സര്‍വീസ് ആരംഭിക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടതായും ഇതിന്റെ നടപടികള്‍ പുരോഗതിയിലാണെന്നും അധികൃതര്‍ അറിയിച്ചു.