വിവാദങ്ങൾക്കൊടുവിൽ വിദ്വേഷ പ്രസംഗത്തിൽ നടപടി; ബിജെപി എം.എല്‍.എക്ക് ഫെയ്‌സ്ബുക്കിന്റെ വിലക്ക്

single-img
3 September 2020

ബി.ജെ.പി. നേതാവ് ടി.രാജ സിങ്ങിന്‌ ഫെയ്‌സ്ബുക്ക് വിലക്കേര്‍പ്പെടുത്തി. വിദ്വേഷവും അക്രമവും ഫേസ്ബുക്ക് പ്രോത്സഹിപ്പിക്കാറില്ലെന്നും തങ്ങളുടെ നയം ലംഘിച്ചതിനാണ് വിലക്കെന്നും ഫെയ്‌സ്ബുക്ക് വക്താവ് വിശദീകരിച്ചു.

“ഞങ്ങളുടെ നയം ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടതിനാലാണ് രാജ സിങിനെ ഫേസ്ബുക്കിൽ നിന്ന് വിലക്കിയത്, അക്രമത്തിൽ ഏർപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നയമല്ല ഞങ്ങളുടേത് ”- ഫേസ്ബുക്ക് വക്താവ് പറഞ്ഞു. അതേസമയം ഫേസ്ബുക്കിന്റെ നടപടി അർത്ഥശൂന്യമെന്ന് രാജസിങ് ട്വീറ്റ് ചെയ്തു.

തെലങ്കാനയിലെ ബി.ജെ.പി. എം.എല്‍.എയാണ് രാജ സിങ്. വിദ്വേഷ ഉള്ളടക്കമുള്ള ഇയാളുടെ ചില പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഫെയ്‌സ്ബുക്ക് തയ്യാറായില്ലെന്നും ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിന് ഭരണകക്ഷിയുമായി പക്ഷപാതമുണ്ടെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെയ്‌സ്ബുക്ക് ഇന്ത്യ എക്‌സിക്യുട്ടൂവ് അങ്കി ദാസ് ബി.ജെ.പിക്ക് വേണ്ടി ഇടപെടല്‍ നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ അത്തരം പോസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്യുകയുണ്ടായി.

ഫെയ്‌സ്ബുക്കിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യന്‍ അധികൃതര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഫെയ്‌സ്ബുക്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സുക്കര്‍ ബര്‍ഗിന് കത്തെഴുതിയിരുന്നു.

കഴിഞ്ഞ ദിവസം ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ കമ്പനി അധികൃതര്‍ ഹാജരാകുയും ചെയ്തിരുന്നു. ഇതിനിടെ തനിക്ക് നിലവില്‍ ഫെയ്‌സ്ബുക്കില്‍ ഔദ്യോഗിക പേജുകളില്ലെന്ന് രാജ സിങ് കഴിഞ്ഞ മാസം ട്വിറ്ററിലൂടെ ഒരു വീഡിയോയില്‍ അവകാശപ്പെട്ടിരുന്നു. തന്റെ പേരില്‍ നിരവധി പേജുകള്‍ ഫെയ്‌സ്ബുക്കില്‍ കണ്ടിട്ടുണ്ട്. അതില്‍ വരുന്ന പോസ്റ്റിനൊന്നും താന്‍ ഉത്തരവാദിയല്ല. തന്റെ പേജ് 2018-ല്‍ ഹാക്ക് ചെയ്യുകയും പിന്നീട് ബ്ലോക്ക് ചെയ്യുകയുമുണ്ടായി എന്നായിരുന്നു രാജ സിങിന്റെ അവകാശവാദം.