മഹാമാരിയ്ക്കിടെ മാതൃകയായി ‘മുനിയ ദീദി’

single-img
3 September 2020

കൊവിഡ് എന്ന മഹാമാരി ലോകത്തെ ഭീതിപ്പെടുത്തി മുന്നേറുകയാണ്. ഈയൊരു സാഹചര്യത്തിൽ മുൻമുൻ സർക്കാർ എന്ന ഇ-റിക്ഷ ഡ്രൈവർ നാടിനു മാതൃകയായി നിലകൊള്ളുകയാണ്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സുമനസുകളായ നിരവധി പേരുടെ വാർത്തകളാണ് ഓരോ ദിവസവും ഇത്തരത്തിൽ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ മറ്റുള്ളവർക്ക് മാതൃക ആകുകയാണ് മുൻമുൻ സർക്കാർ എന്ന ഇ-റിക്ഷ ഡ്രൈവറും. കൊവിഡ് രോ​ഗികളെ സൗജന്യമായി ആശുപത്രിയിൽ എത്തിച്ചാണ് ഈ വനിതാ റിക്ഷ ഡ്രൈവർ സമൂഹത്തിന് മാതൃക ആകുന്നത്.

സമൂഹമാധ്യമങ്ങളിലടക്കം മുൻമുൻ ഇതിനോടകം വൈറലായി കഴിഞ്ഞു. വടക്കൻ ബംഗാൾ സ്വദേശിനിയാണ് 48 കാരിയായ മുൻമുൻ. ഡാർജിലിംഗ് ജില്ലയിലെ സിലിഗുരിയിലെ ആദ്യത്തെ വനിതാ ഇ-റിക്ഷ ഡ്രൈവർ കൂടിയാണ് ഇവർ. എല്ലാവരും മുൻമുന്നിനെ സ്നേഹപൂർവ്വം ‘മുനിയ ദീദി’ എന്നാണ് വിളിക്കുന്നത്. ഏകദേശം ആറര വർഷം മുമ്പാണ് മുൻമുൻ ഇ-റിക്ഷ ഓടിക്കാൻ തുടങ്ങിയത്. സൗജന്യ യാത്രയ്ക്ക് പുറമേ ആവശ്യക്കാർക്ക് ഭക്ഷണവും മറ്റ് ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നുമുണ്ട് മുൻമുൻ.

“തുടക്കത്തിൽ കൊവിഡ് രോ​ഗികളെ സൗജന്യമായി കൊണ്ടുപോയപ്പോൾ പ്രാദേശിക കൗൺസിലർ എന്നോട് ഇതിൽ നിന്നും മാറാൻ ആവശ്യപ്പെട്ടു. അയൽക്കാർ എന്നെ പ്രദേശത്ത് നിന്ന് പുറത്താക്കാൻ ശ്രമിച്ചു. എന്നാൽ ഞാൻ ദൃഢ നിശ്ചയം ചെയ്തു, എനിക്ക് പിന്തുണയുമായി കുടുംബാം​ഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ പരിണതഫലങ്ങൾ നേരിടാൻ അവർ തയ്യാറായിരുന്നു“, മുൻമുൻ പറയുന്നു.

സ്ത്രീകളെ ശാക്തീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇ-റിക്ഷ ഓടിക്കാൻ തീരുമാനിച്ചതെന്ന് മുൻമുൻ പറയുന്നു. മഹാമാരി തുടങ്ങിയത് മുതൽ തന്നെ രോ​ഗികളെ മുൻമുൻ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയിരുന്നു. ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ആയവരെ തിരികെ വീടുകളിലേക്കും ഇവർ കൊണ്ടെത്തിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് മുൻമുൻ സവാരി നടത്തുന്നത്. മുൻമുനിന്നെ പോലുള്ളവർ നാടിനാവശ്യമാണെന്നാണ് സമീപവാസികൾ പറയുന്നത്.