നോട്ട് നിരോധനത്തില്‍ രാജ്യത്തെ വലിയ ശതകോടീശ്വരന്മാർക്ക് നേട്ടം ലഭിച്ചു: രാഹുല്‍ ഗാന്ധി

single-img
3 September 2020

മോദി സർക്കാരിന്റെ നോട്ട് നിരോധനത്തില്‍ രാജ്യത്തെ ശതകോടീശ്വരന്മാര്‍ക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂവെന്നും പൊതുജനങ്ങള്‍ നിക്ഷേപിച്ച പണം അവരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ മാത്രമാണ് ഉപയോഗിച്ചതെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി.

കേന്ദ്ര സർക്കാരിന്റെ ഈ നീക്കം വഴി രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെയും അസംഘടിത മേഖലയിലെ ആളുകളുടെയും നേര്‍ക്കുള്ള ആക്രമണമായിരുന്നു നടന്നതെന്നും രാഹുൽ ആരോപിച്ചു. “നരേന്ദ്രമോദി സർക്കാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങിനെ നശിപ്പിച്ചു” എന്ന് പേര് നൽകിയ തന്റെ പുതിയ സീരീസിന്റെ രണ്ടാമത്തെ വീഡിയോയിലൂടെ ആയിരുന്നു രാഹുലിന്റെ വിമർശനങ്ങൾ.

കേന്ദ്രസർക്കാർ 500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം എടുത്തതോടെ ചെറുകിട വ്യവസായികള്‍ക്കും കര്‍ഷകര്‍ക്കും രാജ്യത്തെ അസംഘടിത മേഖലയ്ക്കും ഉണ്ടാക്കിയ തകര്‍ച്ച വളരെ വലുതാണെന്നും കള്ളപ്പണം വിതരണം ചെയ്യുന്നത് അവസാനിച്ചിട്ടില്ലെന്നും പൈശാചികവൽക്കരണം മൂലം ദരിദ്രരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും രാഹുൽ പറഞ്ഞു. രാജ്യത്ത് നോട്ട് നിരോധനം പ്രാബല്യത്തിൽ വന്നതിന്റെ നാലാം വര്‍ഷത്തിലേക്ക് കടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിമര്‍ശനവുമായി രാഹുൽ രം​ഗത്തെത്തിയത്.