ലഹരിമരുന്ന് സംഘവുമായി ബിനീഷ് കോടിയേരിക്ക് ബന്ധം: ആരോപണവുമായി പി.കെ.ഫിറോസ്

single-img
2 September 2020

ദിവസങ്ങൾക്ക് മുൻപ് ബെംഗളൂരുവില്‍ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ബെംഗളൂരു ലഹരിമരുന്ന് മാഫിയയുമായുള്ള ബിനീഷ് കോടിയേരിയുടെ ബന്ധം അന്വേഷിക്കണമെന്നും പി.കെ.ഫിറോസ് ആവശ്യപ്പെട്ടു.

പിടിയിലായ അനിഖയ്‌ക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അനൂബും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്. മുഹമ്മദ് അനൂബ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്നും പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലഹരിമരുന്നു കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് ജൂ‌‌ലൈ‌ 10ന് വന്ന കോളുകള്‍ പരിശോധിക്കണം. ആ ദിവസമാണ് സ്വപ്ന സുരേഷ് ബെംഗളൂരുവില്‍ പിടിക്കപ്പെട്ടത്. അനൂപിന്റെ മൊഴിയില്‍ നിന്നു തന്നെ ബന്ധം വ്യക്തമാണെന്നും പി.കെ.ഫിറോസ് പറഞ്ഞു. സ്വര്‍ണക്കടത്ത് പ്രതി റമീസുമായും അനൂപിന് ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു.

2015-ല്‍ അനൂപ് കമ്മനഹള്ളിയില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019-ല്‍ അനൂബ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയര്‍പ്പിച്ച് ഫെയ്‌സ്ബുക്ക് പേജില്‍ ലൈവ് ഇടുകയും ചെയ്തിരുന്നു. പിടിയിലായവര്‍ക്കൊപ്പം ലോക്ക്ഡൗണ്‍ കാലത്ത്‌ ജൂണ്‍ 19-ന് കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തുവെന്നും പി.കെ ഫിറോസ് ഫോട്ടോയടക്കം പുറത്ത് വിട്ട് ആരോപിച്ചു.

പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷ് കേരളം വിട്ട ജൂലായ് പത്തിന് ഇവരുമായി പലപ്പോഴും ബന്ധപ്പെട്ടിട്ടുണ്ട്. ജൂലായ് പത്താം തീയതി ബിനീഷ് കോടിയേരിയും ബെംഗളൂരുവിലാണുണ്ടായിരുന്നത്. പിടിയിലായവര്‍ക്ക് കേരളത്തിലെ സിനിമാ സംഘവുമായും രാഷ്ട്രീയ നേതൃത്വവുമായും സ്വര്‍ണക്കടത്തുകാരുമായെല്ലാം അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണെന്നും പി.കെ ഫിറോസ് പറഞ്ഞു.

പിടിയിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഇത്തരം ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പി.കെ ഫിറോസ് ചൂണ്ടിക്കാട്ടി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) ആണ് അനിഘയേയും മലയാളികളായ അനൂപ് മുഹമ്മദിനേയും റിജേഷ് രവീന്ദ്രനേയും അറസ്റ്റ് ചെയ്തത്. അനിഘയില്‍ നിന്ന് മയക്കുമരുന്നുമായി ബന്ധപ്പെട്ട സിനിമ, സീരിയല്‍ രംഗത്തെ പ്രമുഖരുടെ പേരടങ്ങുന്ന ഡയറിയും കണ്ടെത്തിയിരുന്നു. അനിഘയുടെ നേതൃത്വത്തിലാണ് മുഴുവന്‍ ഇടപാടുകളും നടന്നിരുന്നത്.