വെഞ്ഞാറമൂട് കൊലപാതകം; അടൂർ പ്രകാശിനെതിരെ സിപിഎം, പ്രതിരോധിച്ച് കോൺഗ്രസ്

single-img
2 September 2020

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന്റെ രാഷ്ട്രീയ ബന്ധത്തിൽ ഏറ്റുമുട്ടി സിപിഎമ്മും കോൺഗ്രസും. പ്രതികൾക്ക് സഹായം നൽകുന്നത് അടൂർ പ്രകാശ് എംപിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും മകനെതിരായ ആരോപണത്തിൽ മാപ്പു പറഞ്ഞില്ലങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി.കെ. മുരളി എംഎൽഎയും പറഞ്ഞു. അടൂർ പ്രകാശിന് പിന്തുണച്ച് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും എത്തിയപ്പോൾ പ്രതികൾക്ക് സിപിഎം ബന്ധമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ഇരട്ടക്കൊലയിൽ അങ്ങനെ രാഷ്ട്രീയവിവാദം മുറുകുകയാണ്. കൊലപാതകത്തിൽ ഉന്നത കോൺഗ്രസ് നേതൃത്വത്തിന്‍റെ പങ്കുണ്ടെന്നായിരുന്നു തുടക്കം മുതൽ സിപിഎമ്മിന്റെ ആരോപണം. സ്ഥലം എം പി അടൂർപ്രകാശും പ്രതികളുമായുള്ള ബന്ധം ആദ്യം ആരോപിച്ചത് മന്ത്രി ഇപിജയരാജനാണ്, പിന്നാലെ പ്രതികളിലൊരാൾ നേരത്തെ ഒരു ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എം പി ഇടപ്പെട്ടന്ന ശബ്ദരേഖ ഡിവൈഎഫ് പുറത്തുവിട്ടു. മന്ത്രിമാർ തന്നെ വീണ്ടും എംപിക്കെതിരെ ആരോപണം ആവർത്തിക്കുന്നു.

സാമൂഹിക വിരുദ്ധർക്ക് ഒരു വർഷമായി എല്ലാ പിന്തുണയും നൽകുന്നത് അടൂർ പ്രകാശ് ആണെന്നാണ് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചത് . അടൂർ പ്രകാശിന് കേസിൽ ബന്ധമുണ്ട് എന്നത് വസ്തുതാപരമായ കാര്യമാണെന്നും. കൊലപാതകം നടന്നത് ആസൂത്രിതമായാണെന്നും മന്ത്രി ആരോപിക്കുന്നു. സിപിഎം എംഎൽഎ ഡി.കെ. മുരളിയുടെ മകനുമായി ബന്ധപ്പെട്ടാണ് സംഘർഷങ്ങളുടെ തുടക്കമെന്ന അടൂർ പ്രകാശിന്റെ ആരോപണത്തിൽ നിയമനടപടിയെന്നും മുന്നറിയിപ്പുണ്ട്.

എന്നാൽ അടൂർ പ്രകാശിന് പിന്തുണയുമായി കോൺഗ്രസ് നേതൃത്വമുണ്ട്. മൂന്ന് പ്രതികൾ സിഐടിയുക്കാരെന്ന് ആരോപിച്ചതിനൊപ്പം കോൺഗ്രസ് ഭാരവാഹിത്വമുണ്ടങ്കിൽ പറയാനും വെല്ലുവിളിച്ചു. അതിനിടെ കൊലയിൽ നേരിട്ട് പങ്കുള്ള അൻസാർ ,ഉണ്ണി എന്നിവരെ പിടികൂടുന്നതിനൊപ്പം പ്രാദേശിക നേതാക്കളിലേക്കും അന്വേഷണം തുടങ്ങി. പ്രതികളുമായി അടുപ്പമുള്ള കോൺഗ്രസ് മാണിക്കൽ പഞ്ചായത്തംഗം ഗോപനെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്.