‘സിംഹക്കടുവ’ സങ്കല്പമല്ല; യാഥാര്‍ത്ഥ്യമാണ്

single-img
2 September 2020

സിംഹക്കടുവ എന്ന് കേള്‍ക്കുമ്പോള്‍ പലരും ഇങ്ങനെ ഒരു ജീവിയുണ്ടോ എന്ന സംശയത്തിലാകും. എന്നാല്‍ യഥാർത്ഥത്തിൽ സിംഹക്കടുവ അഥവാ ‘Liger’ എന്നൊരു ജീവി വർഗമുണ്ട്. പേരിലെ സൂചനപോലെ ആൺസിംഹവും പെൺ കടുവയും ഇണചേർന്ന് ഉണ്ടാകുന്ന ഒരു സങ്കരയിനം ജീവിയാണ് സിംഹക്കടുവ എന്ന പേരില്‍ അറിയപ്പെടുന്നത്.

എണ്ണംകൊണ്ട് ലോകത്തില്‍ തന്നെ തീരെ കുറവാണെങ്കിലും സിംഹക്കടുവ നിലവിലെ പഠനങ്ങൾ അനുസരിച്ച് പൂച്ച മുതൽ പുലികൾ വരെ ഉൾപ്പെടുന്ന മാർജാര വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗംകൂടിയാണ്. അടുത്തകാലത്തായി നേച്ചർ ഈസ് ലിറ്റ് എന്ന് പേരുള്ള ഒരു ട്വിറ്റർ പേജില്‍ സിംഹക്കടുവയുടെ ഒരു പഴയ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

അതൊരു പഴയ വീഡിയോ ആണെങ്കിലും വളരെ അപൂർവമായി മാത്രം കാണാവുന്ന ഒരു ജീവി ആയതുകൊണ്ട് തന്നെ വീഡിയോ പെട്ടന്ന് വൈറൽ ആകുകയുണ്ടായി. ഈ വീഡിയോയിലെ സിംഹക്കടുവ മനുഷ്യരോട് ഇണങ്ങിയതാണ്. ഒരു വീടിന്റെ മുറ്റത്ത് വെറുതെ നടക്കുന്ന സിംഹക്കടുവയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

എന്നാല്‍ ശരീരത്തിന്റെ വലിപ്പം കൊണ്ടും കൂടെ നടക്കുന്ന വ്യക്തി സിംഹക്കടുവയെ തലോടുന്നതും കാണുമ്പോള്‍ അത്ഭുതവും ഒരല്പം ഭയവും കാഴ്ചക്കാരിൽ ഉണ്ടാകും. ആൺസിംഹം പെൺ കടുവയുമായി ഇണചേർന്ന് ഉണ്ടാകുന്ന സിംഹക്കടുവകൾക്ക് ഇവ രണ്ടിനേക്കാൾ വലിപ്പം വയ്ക്കും. എന്നാല്‍ ഇവയ്ക്ക് ഇത്രയും വലിയ ശരീരം താങ്ങാൻ വലിപ്പമുള്ള കാലുകൾ മിക്കപ്പോഴും ലഭിക്കാറില്ല. അതിനാല്‍ തന്നെ വളരെ വേഗത്തില്‍ ചീറിപ്പായുന്ന സിംഹത്തിനും പുളിക്കും വിപരീതമായി സിംഹക്കടുവകൾക്ക് വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കില്ല.