വിവാദങ്ങൾ ബാക്കി, ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ന് വിരമിക്കുന്നു

single-img
2 September 2020

സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ന് പടിയിറങ്ങുന്നു. ചർച്ച ചെയ്യപ്പെട്ട നിരവധി വിധിന്യായങ്ങളും വിവാദമുണ്ടാക്കിയ അനവധി നിരീക്ഷണങ്ങളും ബാക്കിയാക്കിയാണ്‌ ബുധനാഴ്‌ചത്തെ പടിയിറക്കം‌. സുപ്രീംകോടതി ബാർ അസോസിയേഷന്റെ ഔദ്യോഗിക യാത്രയയപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന്‌ അദ്ദേഹം ഇതിനോടകം അറിയിച്ചിട്ടുണ്ട്. മരടില്‍ തീരദേശനിയമം ലംഘിച്ച് നിര്‍മിച്ച നാലു ഫ്ലാറ്റുകള്‍ ഇടിച്ച് നിരപ്പാക്കുന്നതിലേക്ക് നയിച്ച സുപ്രധാന വിധിയിലൂടെയും പതിറ്റാണ്ടുകള്‍ നിലനിന്ന പള്ളിക്കേസില്‍ അന്തിമ തീര്‍പ്പുണ്ടാക്കിയും മലയാളികള്‍ക്കിടയിലും ജസ്റ്റിസ് അരുണ്‍ മിശ്ര ചിരപരിചിതനാണ്.

ഏറ്റവും ഒടുവില്‍ പ്രശാന്ത് ഭൂഷണെ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിനിടെയാണ് ജസ്റ്റിസ് മിശ്ര പടിയിറങ്ങുന്നത്. പരമോന്നതകോടതിയുടെ സമീപകാല ചരിത്രത്തില്‍ ഇത്രയും വാര്‍ത്താശ്രദ്ധ നേടിയ മറ്റൊരു ജഡ്ജി ഒരുപക്ഷെ ഉണ്ടാവില്ല. കൈകാര്യം ചെയ്ത കേസുകളും പുറപ്പെടുവിച്ച വിധികളും പലവിധത്തില്‍ വിവാദങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചുവെന്നതാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രത്യേകത. രാജസ്ഥാന്‍, കല്‍ക്കട്ട ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്നു. 2014 ജൂലൈയില്‍ സുപ്രീം കോടതിയിലെത്തി. പുറപ്പെടുവിച്ച 132 വിധികളില്‍ മിക്കതും രാഷ്ട്രീയ പ്രാധാന്യമുള്ളവയായിരുന്നു.

ജഡ്‌ജി ബി എച്ച്‌ ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ്‌ ജസ്റ്റിസ്‌ അരുൺമിശ്രയുടെ ബെഞ്ചിനു വിട്ട മുൻ ചീഫ്‌ജസ്റ്റിസ്‌ ദീപക്‌മിശ്രയുടെ നടപടിയാണ്‌ പുതുചരിത്രം സൃഷ്ടിച്ച്‌ നാല്‌ ജഡ്‌ജിമാരുടെ വാർത്താസമ്മേളനത്തിൽ കലാശിച്ചത്‌. ‘പ്രധാനമന്ത്രി മോഡി ബഹുമുഖ പ്രതിഭയാണെന്ന’ അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറന്‍സിനിടെ ജസ്റ്റിസ്‌ അരുൺമിശ്ര അഭിപ്രായപ്പെട്ടത്‌ വൻവിവാദമായി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടടെ ഉള്ളവര്‍ക്ക് കോടികള്‍ കോഴ നല്‍കിയെന്ന് ആരോപണമുയര്‍ന്ന സഹാറ–ബിര്‍ള ഡയറിയില്‍ അന്വേഷണം നിഷേധിച്ചതും ഗുജറാത്ത് സര്‍ക്കാരിന്റെ വേട്ടയാടലിന് വിധേയനായ സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജികള്‍ തള്ളിയതും കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദിനെതിരെ വെവ്വേറെ വിചാരണയ്‍ക്ക് അനുമതി നല്‍കിയതും നിയമവൃത്തങ്ങളില്‍ തന്നെ വിവാദമായി. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ജസ്റ്റിസ്‌ അരുൺമിശ്രയുടെ ബെഞ്ച്‌ തന്നെ സ്ഥിരമായി പരിഗണിച്ചതു ആരോപണമുയര്‍ത്തി. കോടതിയും ജഡ്‌ജിമാരും വിമർശനങ്ങൾക്ക്‌ അതീതരാണെന്നത്‌ പോലെയുള്ള യാഥാസ്ഥിതിക നിലപാടുകൾ പലപ്പോഴും പ്രകടിപ്പിച്ചു.