പോപ്പുലർ ഫിനാൻസ് ഉടമകൾ വിദേശത്തേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു; അന്വേഷണസംഘം

single-img
2 September 2020

സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായ പോപ്പുലർ ഫിനാൻസ് ഉടമകൾ ഏപ്രിലിൽ വിദേശത്തേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. ഇവർക്ക് വിദേശരാജ്യങ്ങളിൽ നിക്ഷേപമുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ തോമസ് ഡാനിയേലിന്റെ കൈയിൽനിന്ന് വിദേശ മൊബൈൽ സിമ്മുകൾ കണ്ടെടുത്തിരുന്നു.

ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് തോമസ് ഡാനിയേലിന്റെ മക്കളായ റിനു, റിയ എന്നിവർ ഡൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത്. സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട ചില പ്രമുഖരെപോലെ പുറത്തേക്ക് പോകാനായിരുന്നു ഇദ്ദേഹം ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണസംഘം പറയുന്നത്. ലോക്ഡൗൺ കാരണം അന്താരാഷ്ട്ര വിമാനസർവീസുകൾ ഇല്ലാതായതോടെ പദ്ധതി പൊളിയുകയായിരുന്നു.

പത്തനംതിട്ട സബ്കോടതിയിൽ തോമസ് ഡാനിയേലും പ്രഭ ഡാനിയേലും ചേർന്ന് നൽകിയിരിക്കുന്ന പാപ്പർ ഹർജിയിൽ 423 കോടി രൂപയുടെ ബാധ്യതയുള്ളതായി പറയുന്നു.തോമസ് ഡാനിയേലിന്റെ കുടുംബാംഗങ്ങൾ ചേർന്ന് 2017-ൽ സാൻസ് ഫിനാൻസ് കമ്പനി രൂപവത്‌കരിച്ചു. ഇതിനുപുറമേ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ ട്രേഡേഴ്സ്, പോപ്പുലർ പ്രിന്റേഴ്സ്, പോപ്പുലർ എക്സ്പോർട്ട്സ്, പോപ്പുലർ മിനി ഫിനാൻസ് എന്നീ കമ്പനികളും രൂപവത്‌കരിച്ചു.

പോപ്പുലർ ഫിനാൻസിന്റെ സാമ്പത്തികബുദ്ധിമുട്ട് കാരണം രണ്ടു ഘട്ടങ്ങളിലായി ബ്രാഞ്ചുകൾ പോപ്പുലർ സാൻ ഫിനാൻസിനും മേരിറാണി പോപ്പുലർ നിധി ലിമിറ്റഡ് കമ്പനിക്കും കൈമാറ്റം ചെയ്തതായും ഹർജിയിൽ പറയുന്നു. റോയ് ഡാനിയേൽ കൊട്ടാരക്കര സബ് ജയിലിലും ഭാര്യ പ്രഭ ഡാനിയേൽ, മക്കളായ റിനു, റിയ എന്നിവർ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് ഇപ്പോൾ കഴിയുന്നത്.