വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ ചോദ്യോത്തരവേള ഇല്ല; പ്രതിഷേധിച്ച് പ്രതിപക്ഷം

single-img
2 September 2020

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തര വേള ഒഴിവാക്കി. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു നടപടി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സമ്മേളനത്തില്‍ ഇത്തവണ ചോദ്യോത്തരവേളയോ സ്വകാര്യ ബില്ലുകളോ പ്രമേയങ്ങളോ ഉണ്ടാകില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ശൂന്യവേളയുള്‍പ്പെടെയുള്ള മറ്റ് സഭാ നടപടികള്‍ തുടരുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്ത് വന്നത്. ചോദ്യോത്തരവേളയും സ്വകാര്യ ബില്ലുകളും ഒഴിവാക്കിയതിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുന്നുന്നുണ്ട് . പാര്‍ലമെന്റിനെ ഒരു നോട്ടീസ് ബോര്‍ഡിലേക്ക് ചുരുക്കി ഭൂരിപക്ഷം ഉപയോഗിച്ച് റബര്‍ സ്റ്റാമ്പ് ആക്കി മാറ്റിയെന്നാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ വിമർശനം.

ചോദ്യോത്തര വേള ഒഴിവാക്കിയത് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറെക് ഒബ്രിയെന്‍ വിമര്‍ശിച്ചു. ചോദ്യങ്ങള്‍ ചോദിക്കാനുള്ള അംഗങ്ങളുടെ അവകാശം ഇല്ലാതാക്കരുതെന്ന് ലോക്‌സഭ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ ഓം ബിര്‍ലയോട് ആവശ്യപ്പെട്ടിരുന്നു.

സെപ്റ്റംബർ പതിനാലാം തീയതി മുതല്‍ ഒക്ടോബർ മാസം ഒന്ന് വരെയാണ് പാര്‍ലെമന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നടക്കുക. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറ് മാസത്തിന് ശേഷമാണ് സഭ സമ്മേളിക്കുന്നത്. കോവിഡ് വ്യാപനം പരിഗണിച്ചാണ് ഇരുസഭകളുടെയും പ്രവര്‍ത്തനം സാമൂഹിക അകലമുള്‍പ്പെടെയുള്ളവ പാലിച്ച് ക്രമീകരിക്കുന്നത്. ആദ്യമായിട്ടാണ് ഇരുസഭകളും വ്യത്യസ്ത സമയങ്ങളില്‍ സമ്മേളിക്കുന്നത്. രാവിലെ ലോകസഭയും ഉച്ചകഴിഞ്ഞ് രാജ്യസഭയും എന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.