ജിഎസ്ടി നഷ്ടപരിഹാരം നല്‍കേണ്ടത് ഭരണഘടനാ ഉത്തരവാദിത്വം; പ്രധാനമന്ത്രിക്ക് കത്തെഴുതി പിണറായി വിജയന്‍ ഉള്‍പ്പെടെ ആറ് മുഖ്യമന്ത്രിമാര്‍

single-img
2 September 2020

രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയത് വഴി ഉണ്ടായ നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള 2.35 ലക്ഷം കോടി രൂപ നല്‍കുന്നത് സംബന്ധിച്ചുള്ള ഭരണഘടനാ ഉത്തരവാദിത്തം ഓര്‍മ്മിപ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ആറ് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.

ഇതോടൊപ്പം കൊവിഡ് മഹാമാരിയുടെ കാലത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കേണ്ട സാമ്പത്തിക സഹായം സംബന്ധിച്ചും കത്തില്‍ സൂചനയുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള ആദ്യത്തെ അഞ്ച് വര്‍ഷം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം നിയമപരമായ ബാധ്യതയാണെന്ന് മുഖ്യമന്ത്രിമാര്‍ കത്തില്‍ ഓര്‍മ്മിപ്പിച്ചു. ഇതിന് പകരമായി പണം കടമെടുക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇവര്‍ തള്ളി.

അങ്ങിനെ ചെയ്യുന്നത് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയാകുമെന്നും ഇവര്‍ കത്തില്‍ പറഞ്ഞു. കടം എടുക്കുക വഴി ജിഎസ്ടി നഷ്ടപരിഹാര ബാധ്യത സംസ്ഥാനങ്ങളില്‍ ഏല്‍പ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് പിണറായി വിജയന്‍ കത്തില്‍ വ്യക്തമാക്കി.

കേന്ദ്രം ആദ്യത്തെ അഞ്ച് വര്‍ഷം ജിഎസ്ടി വരുമാനത്തില്‍ 14 ശതമാനം വാര്‍ഷിക വളര്‍ച്ച ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും പിണറായി വിജയന്‍ ആരോപിച്ചു.