സ്വദേശിവല്‍ക്കരണം: ഒമാനിൽ വിദേശ നഴ്‌സുമാർക്ക് തൊഴിൽ നഷ്ടമാകും

single-img
2 September 2020

ഒമാന്‍ രാജ്യത്തെ ആരോഗ്യ രംഗത്ത് തൊണ്ണൂറു ശതമാനം സ്വദേശിവല്‍ക്കരണം കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം 173 പ്രവാസി നഴ്‌സുമാര്‍ക്ക് പകരം സ്വദേശികളെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കി. ഈ തീരുമാനം വഴി മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്.ഒമാനിലെ പ്രധാനപ്പെട്ട എട്ട് സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് നിയമനങ്ങള്‍ നടന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഇതില്‍ സൊഹാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത്. 62 സ്വദേശി നഴ്‌സുമാരാണ് ഇവിടെ പുതിയതായി ജോലിയില്‍ പ്രവേശിച്ചത്. അതേപോലെ തന്നെ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് നാല്‍പത്തി രണ്ടും ഇബ്രയിലേക്കു മുപ്പത്തി അഞ്ചും പതിനെട്ടുപേര്‍ ജാലാന്‍ ബു അലി ആശുപത്രിയിലേക്കും സൂര്‍ ആശുപത്രിയിലേക്ക് എട്ട് പേരും അഞ്ചു പേര്‍ ഖസബിലേക്കും ബുറേമി ആശുപത്രിയിലേക്ക് രണ്ടുപേരും ഹൈമ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഒരാളെയുമാണ് പുതുതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം നിയമനം നല്‍കിയത്.

രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നും പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി സ്വദേശി വിദ്യാര്‍ത്ഥികള്‍ ആണ് ഓരോ വര്‍ഷവും വ്യത്യസ്ത മെഡിക്കല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കി രാജ്യത്തെ തൊഴില്‍ വിപണിയില്‍ എത്തുന്നത്. ഇതില്‍ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലക്ക് കീഴിലുള്ള കോളജ് ഒഫ് മെഡിസിന്‍ ആന്‍ഡ് നഴ്‌സിങ്ങില്‍നിന്ന് നിരവധി സ്വദേശികള്‍ ബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.