ഡോ. കഫീൽ ഖാൻ ജയിൽമോചിതൻ; മോചിതനായത് ഇന്നു പുലർച്ചെ

single-img
2 September 2020

ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി യുപി സർക്കാർ ജയിലിലടച്ച ഡോ. കഫീൽ ഖാനെ ഹൈക്കോടതി ഉത്തരവിനെത്തുടർന്നു വിട്ടയച്ചു. ഇന്നലെ രാത്രി വൈകിയാണു മഥുര ജയിലിൽനിന്നു വിട്ടയച്ചത്. തടവിലാക്കിയത്‌ നിയമവിരുദ്ധമാണെന്നും ഉടന്‍ വിട്ടയക്കണമെന്നുമുള്ള അലഹബാദ്‌ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കഫീല്‍ ഖാന്‍ മോചിതനായത്.

തന്നെ മോചിപ്പിക്കാനുള്ള ഉത്തരവിട്ട ജൂഡീഷ്യറിയോട് അദ്ദേഹം നന്ദി അറിയിച്ചു.’ എന്റെ പ്രസംഗം അക്രമത്തിന് പ്രേരിപ്പിക്കുന്നതല്ലെന്ന് വ്യക്തമാക്കി ഉത്തരവ് നല്‍കിയ ജൂഡീഷ്യറിയോട് എനിക്ക് നന്ദിയുണ്ട്. അവസാനമായി മുംബൈയില്‍ നിന്ന് മഥുരയിലേക്ക് കൊണ്ടുപോകും വഴി എന്നെ ഏറ്റുമുട്ടലിലൂടെ വധിക്കാതിരുന്നതിന് പ്രത്യേക സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) നോടും നന്ദിയുണ്ട്’-കഫീല്‍ ഖാന്‍ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും മണിക്കൂറുകളോളം കഴിഞ്ഞിട്ടും കഫീല്‍ ഖാന്‍ ജയില്‍ മോചിതനായിരുന്നില്ല. തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചിരുന്നു. പിന്നാലെ അര്‍ദ്ധരാത്രിയോടെ കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി.

പൗരത്വനിയമവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ്‌ അലിഗഢ് ജില്ലാ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചതെന്ന് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മര്‍ഹറും ജസ്റ്റിസ് സുമിത്ര ദയാല്‍ സിങ്ങും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. ശിക്ഷ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞു. കഫീല്‍ ഖാന്റെ മാതാവ് നുസ്രത് പര്‍വീണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് വിധി.